എങ്ങിനെയാണ് ബ്രിട്ടീഷുകാര്‍ 45 ട്രില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ട് പോയത്?
കൊളംബിയ യൂനിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ഉത്സ പട്‌നായിക്കിന്റെ പുതിയ ഗവേഷണ പ്രബന്ധം ഈ 'പാണന്‍മാരുടെ' മുഖമടച്ചുള്ള വീക്കാണ്.
എന്നാല്‍, കൊളംബിയ യൂനിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ഉത്സ പട്‌നായിക്കിന്റെ പുതിയ ഗവേഷണ പ്രബന്ധം ഈ പാണന്‍മാരുടെ മുഖമടച്ചുള്ള വീക്കാണ്.
നികുതിയും വ്യാപാരവും സംബന്ധിച്ച രണ്ട് നൂറ്റാണ്ടുകളുടെ വിശദമായ ഡാറ്റ മുന്‍നിര്‍ത്തി 1765 മുതല്‍ 1938 വരെയുള്ള കാലയളവില്‍ ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 45 ട്രില്ല്യണ്‍ (45 ലക്ഷം കോടി) ഡോളര്‍ ഇന്ത്യയില്‍നിന്നു കടത്തികൊണ്ടു പോയെന്നാണ് പട്‌നായിക് ചൂണ്ടിക്കാട്ടുന്നത്.
ബ്രിട്ടന്റെ ഇന്നത്തെ മൊത്തം വാര്‍ഷിക ആഭ്യന്തര ഉല്‍പാദനത്തേക്കാള്‍ 17 മടങ്ങ് കൂടുതലാണിതെന്നത് ഈ കവര്‍ച്ചയുടെ ആഴം വെളിപ്പെടുത്തുന്നു.
ഇത് എങ്ങനെ സംഭവിച്ചു?
അത് നടന്നത് വ്യാപാരവ്യവസ്ഥയിലൂടെയാണ്. കൊളോണിയല്‍ കാലഘട്ടത്തിനുമുമ്പ്, ബ്രിട്ടന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് തുണിത്തരങ്ങള്‍, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങുകയും അവര്‍ക്ക് സാധാരണ രീതിയില്‍ പണം നല്‍കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേയും പോലെ മിക്കതും വെള്ളി നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്. 1765ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഇന്ത്യന്‍ വ്യാപാരത്തില്‍ ഒരു കുത്തക സ്ഥാപിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
ഇത് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കുമ്പോഴാണ് ബ്രിട്ടീഷുകാര്‍ നടത്തിയ കൊള്ളയുടെ ഭീകരത ദൃശ്യമാവുക.
ആദ്യം ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ നികുതി പിരിവിന് തുടക്കമിട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് ഉപയോഗത്തിനായി ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ഈ നികുതി വരുമാനത്തിന്റെ ഒരു ഭാഗം (ഏകദേശം മൂന്നിലൊന്ന്) ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സാധനങ്ങള്‍ക്ക് അവരുടെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കുന്നതിനുപകരം, ബ്രിട്ടീഷ് വ്യാപാരികള്‍ ഇന്ത്യക്കാരില്‍നിന്നു പിഴിഞ്ഞെടുത്ത പണം ഉപയോഗിച്ച് കര്‍ഷകരില്‍ നിന്നും നെയ്ത്തുകാരില്‍ നിന്നും സാധനങ്ങള്‍ പൂര്‍ണമായും സൗജന്യമായി 'വാങ്ങി'.
അതൊരു വന്‍ തട്ടിപ്പായിരുന്നു. വലിയ തോതിലുള്ള മോഷണം. എന്നാല്‍ മിക്ക ഇന്ത്യക്കാരും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരുന്നില്ല. കാരണം, നികുതി പിരിച്ച ഏജന്റായിരുന്നില്ല ഈ കര്‍ഷകരില്‍നിന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഒരേ വ്യക്തിയായിരുന്നെങ്കില്‍ ഈ തട്ടിപ്പ് കൈയോടെ പിടികൂടിയേനെ.
ഇത്തരത്തില്‍ തട്ടിയെടുത്ത ചില സാധനങ്ങള്‍ ബ്രിട്ടനില്‍ ഉപയോഗിച്ചു. ബാക്കിയുള്ളവ മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇതിനിടെ ബ്രിട്ടന്റെ വ്യവസായവല്‍ക്കരണത്തിന് അത്യാവശ്യമായിരുന്ന ഇരുമ്പ്, ടാര്‍, തടി തുടങ്ങിയ തന്ത്രപ്രധാന വസ്തുക്കള്‍ ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നുള്ള ഇറക്കുമതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് റീഎക്‌സ്‌പോര്‍ട്ട് സംവിധാനം ബ്രിട്ടന്‍ ആവിഷ്‌ക്കരിച്ചു. വാസ്തവത്തില്‍, വ്യാവസായിക വിപ്ലവം വലിയ തോതില്‍ ഇന്ത്യയില്‍ നിന്നുള്ള ഈ വ്യവസ്ഥാപിത മോഷണത്തെ ആശ്രയിച്ചാണ് നടന്നതെന്ന് നിസംശയം പറയാനാവും.
ഇതിനുപുറമെ, ബ്രിട്ടീഷുകാര്‍ ഇവിടെനിന്ന് ഇത്തരത്തില്‍ മോഷ്ടിച്ച സാധനങ്ങള്‍ ആദ്യം 'വാങ്ങിയ'തിനേക്കാള്‍ കൂടുതല്‍ വിലയ്ക്ക് മറ്റു രാജ്യങ്ങള്‍ക്ക് മറിച്ചുവിറ്റും വന്‍ ലാഭം നേടി.സാധനങ്ങളുടെ യഥാര്‍ത്ഥ മൂല്യത്തിന്റെ 100 ശതമാനം മാത്രമല്ല പലപ്പോഴും അതിനുമപ്പുറമായിരുന്നു അവര്‍ നേടിയ കൊള്ളലാഭം.
1858ല്‍ ബ്രിട്ടീഷ് ഭരണകൂടം അധികാരമേറ്റതിനുശേഷം, അവര്‍ നികുതിക്കും വാങ്ങല്‍ സമ്പ്രദായത്തിനും മാറ്റംവരുത്തി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുത്തക തകര്‍ന്നപ്പോള്‍, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സാധനങ്ങള്‍ നേരിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവാദം നല്‍കിയെങ്കിലും ആ സാധനങ്ങള്‍ക്കുള്ള പെയ്‌മെന്റ് ലണ്ടനില്‍ എത്തിക്കുന്നതിനാണ് ബ്രിട്ടന്‍ കരുനീക്കം നടത്തിയത്.
ഇത് എങ്ങനെ പ്രവര്‍ത്തിച്ചു?
അടിസ്ഥാനപരമായി, ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ബ്രിട്ടീഷ് ഭരണകൂടം പുറത്തിറക്കിയ ഒരു പേപ്പര്‍ കറന്‍സിയായ പ്രത്യേക കൗണ്‍സില്‍ ബില്ലുകള്‍ ഉപയോഗിക്കണമെന്ന ഉത്തരവുണ്ടായി.
ആ ബില്ലുകള്‍ ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം സ്വര്‍ണ്ണമോ വെള്ളിയോ ഉപയോഗിച്ച് ലണ്ടനില്‍ നിന്ന് വാങ്ങുക എന്നതുമാത്രമായിരുന്നു. അതിനാല്‍ വ്യാപാരികള്‍ ലണ്ടനില്‍ സ്വര്‍ണം നല്‍കി ബില്ലുകള്‍ വാങ്ങുകയും തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് പണത്തിനു പകരമായി ആ ബില്ലുകള്‍ നല്‍കുകയും ചെയ്യും. പ്രാദേശിക കൊളോണിയല്‍ ഓഫിസില്‍ ഇന്ത്യക്കാര്‍ ബില്ലുകള്‍ മാറാനെത്തുമ്പോള്‍, അവരില്‍നിന്നുതന്നെ ശേഖരിച്ച നികുതി വരുമാനത്തില്‍നിന്നുള്ള 'രൂപ' നല്‍കിയാണ് ഈ ബില്ലുകള്‍ മാറി നല്‍കിയത്. അതിനാല്‍, ഒരിക്കല്‍ കൂടി, അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അവരുടെ സാധനങ്ങള്‍ക്കുള്ള വില നല്‍കാതെ വഞ്ചിക്കപ്പെട്ടു. അതേസമയം, അവരുടെ കയറ്റുമതിക്ക് പകരമായി ഇന്ത്യക്കാര്‍ക്ക് നേരിട്ട് ലഭിക്കേണ്ട സ്വര്‍ണ്ണവും വെള്ളിയും ലണ്ടനില്‍ ശേഖരിക്കാനും ഈ നീക്കത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തിന് സാധിച്ചു.
ഇന്ത്യ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ശ്രദ്ധേയമായ വ്യാപാര മിച്ചം നടത്തുമ്പോഴും ഈ ദുഷിച്ച സമ്പ്രദായം മൂലം ദേശീയ അക്കൗണ്ടുകളില്‍ കമ്മിയാണ് കാണിക്കപ്പെട്ടത്. കാരണം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ യഥാര്‍ത്ഥ വരുമാനം പൂര്‍ണമായും ബ്രിട്ടന്റെ കൈപിടിയായിരുന്നു.
ഇന്ത്യ ബ്രിട്ടന് ഒരു ബാധ്യതയായിരുന്നു എന്നതിന്റെ തെളിവായി ചിലര്‍ ഈ സാങ്കല്‍പ്പിക 'കമ്മി' ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സത്യം നേരെ മറിച്ചായിരുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് അവകാശപ്പെട്ട വന്‍തോതില്‍ വരുമാനം ബ്രിട്ടന്‍ തടഞ്ഞു. സ്വര്‍ണമുട്ടയിട്ട താറാവായിരുന്നു ബ്രിട്ടന് ഇന്ത്യ. അതേസമയം, 'കമ്മി' എന്നതിന്റെ അര്‍ത്ഥം, ഇറക്കുമതിക്ക് ധനസഹായം നല്‍കാന്‍ ബ്രിട്ടനില്‍ നിന്ന് വായ്പയെടുക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റ് മാര്‍ഗമില്ല എന്നാണ്. അങ്ങനെ മുഴുവന്‍ ഇന്ത്യന്‍ ജനതയും അവരുടെ കൊളോണിയല്‍ മേധാവികളോട് തികച്ചും അനാവശ്യമായ കടം വാങ്ങാന്‍ നിര്‍ബന്ധിതരായി. ഇതിലൂടെ ബ്രിട്ടന്‍ നിയന്ത്രണം കൂടുതല്‍ ഉറപ്പിച്ചു.
ഈ അനാപേക്ഷിത ലാഭം സാമ്രാജ്യത്വം അതിന്റെ ദ്രംഷ്ടങ്ങള്‍ കൂടുതല്‍ മൂര്‍ച്ചകൂട്ടാനാണ് ഉപയോഗിച്ചത്. 1840 കളിലെ ചൈനയുടെ അധിനിവേശത്തിനും 1857 ലെ ഇന്ത്യന്‍ കലാപത്തെ അടിച്ചമര്‍ത്തുന്നതിനും ഇതില്‍നിന്നുള്ള പണം വിനിയോഗിച്ചു. പട്‌നായിക് ചൂണ്ടിക്കാണിച്ചതുപോലെ, 'ഇന്ത്യന്‍ അതിര്‍ത്തികള്‍ക്കു പുറത്തുള്ള ബ്രിട്ടന്റെ എല്ലാ യുദ്ധ യുദ്ധങ്ങളുടെയും വില എപ്പോഴും മുഴുവനായോ പ്രധാനമായോ ഇന്ത്യന്‍ വരുമാനത്തില്‍നിന്നാണ് ഈടാക്കിയത്.'
അത് മാത്രമല്ല. യൂറോപ്പില്‍ മുതലാളിത്തത്തിന്റെ വ്യാപനത്തിനും കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ കുടിയേറ്റ മേഖലകള്‍ക്കും ധനസഹായം നല്‍കാന്‍ ബ്രിട്ടണ്‍ ഇന്ത്യയില്‍ നിന്നുള്ള ഈ കൊള്ളപ്പണം ഉപയോഗിച്ചു.
ബ്രിട്ടന്റെ വ്യാവസായികവല്‍ക്കരണം മാത്രമല്ല, പാശ്ചാത്യ ലോകത്തിന്റെ ഭൂരിഭാഗത്തിന്റെയും വ്യവസായവല്‍ക്കരണവും കോളനികളില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ഈ സമ്പത്തില്‍നിന്നുള്ളതായിരുന്നു.
1765 മുതല്‍ 1938 വരെയുള്ള കൊളോണിയല്‍ ഇന്ത്യയിലെ നാല് വ്യതിരിക്ത സാമ്പത്തിക കാലഘട്ടങ്ങള്‍ പട്‌നായിക് തന്റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലെ ഓരോ ഘട്ടത്തിലേയും തുക കൂട്ടി ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയത് 44.6 ട്രില്യണ്‍ ഡോളര്‍ ആണെന്ന് അവള്‍ കണ്ടെത്തി. ഇത് അടിസ്ഥാന കണക്കാണെന്നും ബ്രിട്ടീഷ് രാജിനിടെ ബ്രിട്ടണ്‍ ഇന്ത്യയില്‍ ചുമത്തിയ കടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇത് ഏതൊരു ഇന്ത്യന്‍ പൗരനേയും ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായി വന്‍ തുകയാണ്. എന്നാല്‍ കടത്തിക്കൊണ്ടു പോയ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെ വരും. ജപ്പാന്‍ ചെയ്തതു പോലെ തങ്ങളുടെ വരുമാനവും വിദേശനാണ്യവരുമാനവും വികസനത്തില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ചരിത്രം ഒരു പക്ഷെ ഇങ്ങനെയാവില്ല. ഇന്ത്യ ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറിയേക്കുമായിരുന്നു. മാത്രമല്ല നൂറ്റാണ്ടുകളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും തടയാനും സാധിക്കുമായിരുന്നു.
ബ്രിട്ടീഷ് ഭരണം ഇന്ത്യയെ പുഷ്‌ക്കലമാക്കുകയായിരുന്നുവെന്ന ചില ആഖ്യാനങ്ങള്‍ക്കുള്ള ഗൗരവമായ മറുമരുന്നാണ് ഉത്സ പട്‌നായിക്കിന്റെ ഈ ഗവേഷണ പ്രബന്ധം. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ 'വികസിപ്പിക്കാന്‍' സഹായിച്ചതായി യാഥാസ്ഥിതിക ചരിത്രകാരനായ നിയാല്‍ ഫെര്‍ഗൂസണ്‍ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍, ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് ഒരു സഹായമാണെന്ന് ഡേവിഡ് കാമറൂണും അവകാശപ്പെട്ടിരുന്നു.
2014 ലെ ഒരു സര്‍വെ റിപോര്‍ട്ട് പ്രകാരം ബ്രിട്ടനിലെ 50 ശതമാനം ആളുകളും കോളനിവല്‍ക്കരണം കോളനികള്‍ക്ക് പ്രയോജനകരമാണെന്ന് വിശ്വസിക്കുന്നത്.
എന്നിട്ടും ഇന്ത്യയിലെ 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണകാലത്ത്, ആളോഹരി വരുമാനത്തില്‍ ഏതാണ്ട് വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ബ്രിട്ടീഷ് ഇടപെടലിന്റെ പ്രതാപകാലത്ത് ഇന്ത്യയിലെ വരുമാനം പകുതിയായി കുറഞ്ഞു. 1870 മുതല്‍ 1920 വരെ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം അഞ്ചിലൊന്നായി കുറഞ്ഞു. നയപ്രേരിതമായ ക്ഷാമം മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ അനാവശ്യമായി മരിച്ചു.
ബ്രിട്ടന്‍ ഇന്ത്യയെ വികസിപ്പിച്ചില്ല. നേരെമറിച്ച് പട്‌നായിക്കിന്റെ കൃതി വ്യക്തമാക്കുന്നതുപോലെ ഇന്ത്യ ബ്രിട്ടനെ വികസിപ്പിക്കുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി നേരത്തേ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മഹത്വം വിളമ്പുന്ന കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടിരുന്നു.