നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദയെ ന്യായീകരിച്ച് ഹിന്ദുത്വ വലത് മാധ്യമം
ഇസ്‌ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് നൂപുര്‍ ശര്‍മ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്)അനുബന്ധ ജേണലായ പാഞ്ചജന്യ മുഖ പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
ന്യൂഡല്‍ഹി: ബിജെപി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ നബിനിന്ദാ പരാമര്‍ശം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും ഭരണകക്ഷിയായ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും വെട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
അതിനിടെ, നൂപുര്‍മയെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് ഒരു പ്രമുഖ ഹിന്ദുത്വ വലതുപക്ഷ മാധ്യമം. ഇസ്‌ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് നൂപുര്‍ ശര്‍മ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്)അനുബന്ധ ജേണലായ പാഞ്ചജന്യ മുഖ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള നയതന്ത്ര തര്‍ക്കം, ഗ്യാന്‍ വാപി മസ്ജിദ് കേസ്,
ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകം, ശിവാജിയുടെ കിരീടധാരണത്തിന്റെ 348ാം വാര്‍ഷികം തുടങ്ങിയവയുമായി ബന്ധപ്പട്ട റിപോര്‍ട്ടുകളാണ് പാഞ്ചജന്യ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ അസഹിഷ്ണുത വളര്‍ത്തിയെന്ന് പറഞ്ഞ് ഇന്ത്യയുടെ പേര് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ ചിലര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നത്.
'ഹിന്ദുക്കള്‍ അസഹിഷ്ണുതയും അക്രമാസക്തരുമായി മാറുകയാണെന്ന് പ്രചരണം നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. മുസ്‌ലിംകളോടുള്ള അവരുടെ പെരുമാറ്റം നല്ലതല്ല. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഈ വിഷയം അടിക്കടി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ശരിക്കും അങ്ങനെയാണോ?'ചിത്രം നേരെ വിപരീതമാണ്. ചിലര്‍ ബോധപൂര്‍വം രാജ്യത്തിന്റെ പേര് നശിപ്പിക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളിലൂടെയും അക്കാദമിക് ലോകത്തിലൂടെയും ഈ ഗെയിം കളിക്കുന്നു' -മുഖ പ്രസംഗം പറയുന്നു.
'ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് പറയുന്നത് ആവര്‍ത്തിക്കാന്‍ ധൈര്യപ്പെട്ടതിന്റെ പേരില്‍ ബിജെപി വക്താവിനും കുടുംബത്തിനും നേരെ ബലാല്‍സംഗ, വധ ഭീഷണികള്‍ ഉണ്ടായി. എന്നാല്‍, ഹിന്ദു ചിഹ്നങ്ങളെ അവഹേളിക്കുന്നവര്‍ക്ക് യാതൊരു നടപടിയും നേരിടേണ്ടി വരുന്നില്ലെന്നും മുഖ പ്രസംഗത്തില്‍ ആര്‍എസ്എസ് നേതാവ് റാം മാധവ് അവകാശപ്പെടുന്നു.
ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ രത്തന്‍ ലാല്‍, മറാത്തി നടന്‍ കേതകി ചിതാലെ എന്നിവരുടെ ഉദാഹരണങ്ങളും ഇതിനായി റാം മാധവ് ഉദ്ധരിക്കുന്നുണ്ട്. അതേസമയം, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് ചിതാലെ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണെന്നതും ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ഒരു തമാശ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് രത്തന്‍ ലാലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തില്‍വിട്ടതും റാം മാധവ് സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നുണ്ട്.