ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു; ഓഫിസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ട്
കോല്‍ക്കത്ത: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിലെ ബിജെപി ഓഫിസുകള്‍ക്ക് മുന്നില്‍ സംഘര്‍ഷം. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ ബിജെപി ഓഫിസിന് മുന്നില്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തി. മുതിര്‍ന്ന ബിജെപി നേതാക്കളായ മുകുള്‍ റോയ്, അര്‍ജുന്‍ സിങ്, ശിവ പ്രകാശ് എന്നിവരെ അണികള്‍ കൈയ്യേറ്റം ചെയ്തു. ബിജെപിയുടെ കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ ആക്രോശിച്ചുകൊണ്ട് ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിന്റേയും ഓഫീസിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. ഏറെ പണിപ്പെട്ടാണ് പോലിസും ഓഫീസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ തടഞ്ഞത്.
മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലേക്കുമായി പ്രഖ്യാപിച്ച ലിസ്റ്റില്‍ കൂടുതലും അടുത്തിടെ തൃണമൂല്‍ വിട്ടെത്തിയവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇന്നലെ വന്നവര്‍ക്ക് ടിക്കറ്റ് നല്‍കി തങ്ങളോട് അനീതി കാണിച്ചെന്നാണ് പ്രവര്‍ത്തകരുടെ പരാതി. സിംഗൂരിലേയും ചിന്‍സുരയിലേയും ബിജെപി ഓഫീസുകളില്‍ പ്രവര്‍ത്തകര്‍ കടന്നുകയറി കൊള്ളയടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്‍ക്കത്തയുടെ സമീപത്തുള്ള ഹൗറ പാഞ്ച്‌ലയില്‍ നിന്നും തെക്കന്‍ 24 പര്‍ഗനാസിലെ രായ്ദിഗിയില്‍ നിന്നുമെത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപി നേതൃത്വത്തിന് എളുപ്പമായിരിക്കില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാ താരങ്ങളും എംപിമാരും രണ്ട് തവണ കേന്ദ്രമന്ത്രിയായ ബാബുല്‍ സുപ്രിയോയും അടങ്ങുന്നതാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക.