ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ്; പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോലിസ്

Update: 2021-09-15 05:46 GMT

ഹൈദരാബാദ്: ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹൈദരാബാദ് പോലിസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചയാണ് സിംഗരേണി കോളനിയില്‍ ആറുവയസ്സുകാരിയെ അയല്‍വാസിയായ പള്ളക്കൊണ്ട രാജു (30) ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മുതല്‍ പ്രതിയെ കാണാനില്ലായിരുന്നു. അതിനിടെ, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റുചെയ്തതായി തെലങ്കാന മന്ത്രി കെ ടി രാമറാവു ട്വീറ്റും ചെയ്തു.

പ്രതിയെ അറസ്റ്റുചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ മന്ത്രി ട്വീറ്റ് പിന്‍വലിച്ചെങ്കിലും വിവാദം അവസാനിച്ചില്ല. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ തോതില്‍ പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറി. ഇതോടെയാണ് പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് പ്രഖ്യാപിച്ചത്. കൊലയാളിയെന്ന് കരുതുന്ന ആളുടെ ഫോട്ടോയും പോലിസ് പുറത്തുവിട്ടിട്ടുണ്ട്.

സപ്തംബര്‍ 9നാണ് ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായതായി റിപോര്‍ട്ട് പുറത്തുവന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മന്ത്രിയുടെ ട്വീറ്റ് അടക്കമുള്ള റിപോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് വ്യക്തമായതോടെയാണ് പ്രദേശവാസികള്‍ പ്രകോപിതരായത്. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികള്‍ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമുണ്ടാത്തി. വിഷയം കൈവിട്ടുപോവുമെന്ന് വ്യക്തമായതോടെ ഖേദപ്രകടനവുമായി മന്ത്രി രംഗത്തുവരികയും വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

'എന്റെ ട്വീറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി എനിക്ക് തെറ്റിദ്ധാരണയുണ്ടായി. തെറ്റായ പ്രസ്താവനയില്‍ ഖേദിക്കുന്നു. കുറ്റവാളി ഒളിവിലാണ്. ഹൈദരാബാദ് പോലിസ് അദ്ദേഹത്തിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. അയാളെ വേഗത്തില്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നമുക്ക് പരമാവധി ശ്രമിക്കാം. പ്രതിയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണമുണ്ടാവണം- തന്റെ മുന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം റാവു പോസ്റ്റ് ചെയ്തു. ആറുവയസ്സുകാരിയോടുള്ള ക്രൂരതയ്‌ക്കെതിരേ നിരവധി രാഷ്ട്രീയക്കാരും പ്രവര്‍ത്തകരും സിനിമാ താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.

Tags:    

Similar News