ആരാവും മുഖ്യമന്ത്രി ?, ഹിമാചലില്‍ ചര്‍ച്ചകള്‍ സജീവം; അവകാശവാദവുമായി പ്രതിഭാ സിങ്
ഷില: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഹിമാചലില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം. കാത്തിരുന്ന കിട്ടിയ ആ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ പിടിവലി ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച നേതാക്കള്‍ക്ക് പകരം ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന വ്യക്തികള്‍ എത്തുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ പത്‌നിയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിങ്, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും മുഖ്യമന്ത്രി പദവി വേണമെന്ന അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് മുന്‍ മുഖ്യമന്ത്രി വിരഭദ്രയുടെ പേരില്‍ നടത്തിയ പ്രചാരണമാണെന്ന് പ്രതിഭ പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ ഹൈക്കമാന്‍ഡിനു തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയായി നയിക്കാന്‍ തനിക്ക് കഴിയും. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലും പോയി പ്രചാരണം നടത്തണമെന്നാണ് സോണിയാ ഗാന്ധി തന്നോട് ആവശ്യപ്പെട്ടത്. അത് താന്‍ ആത്മാര്‍ഥമായി നിര്‍വഹിച്ചതാണ് തിരഞ്ഞെടുപ്പിലെ വിജയത്തിന് വഴിയൊരുക്കിയതെന്നും പ്രതിഭ പറഞ്ഞു. വിരഭദ്രയുടെ പേരും മുഖവും പ്രവര്‍ത്തനങ്ങളുമുപയോഗിച്ചാണ് വോട്ട് പിടിച്ചത്. അത് കണ്ടില്ലെന്ന് നടിക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എംഎല്‍എമാരുടെ യോഗം ചേരാനിരിക്കെയാണ് പ്രതിഭാ സിങ്ങിന്റെ അവകാശ വാദം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരുകളാണ് ഉയരുന്നത്. പ്രചാരണ ചുമതലയിലുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, പ്രതിഭാ സിങ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. പ്രതിഭ 2004ലാണ് ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വട്ടം എംഎല്‍എയായ സുഖ്വിന്ദര്‍ സിങ് സുഖു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. മുകേഷ് അഗ്‌നിഹോത്രിയാവട്ടെ, നാല് വട്ടം എംഎല്‍എയും പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ യോഗം വൈകീട്ടാണ് നടക്കുക.
സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖ്‌വീന്ദര്‍ സിങ് സുഖുവിന് കൂടുതല്‍ എംഎല്‍എമാരുടെയും പിന്തുണയുണ്ട്. 40 സീറ്റില്‍ ജയിച്ചാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയഘടകമായി. തൊഴിലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാര്‍ന്ന വിജയം.ഒബിസി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി.
1985 മുതല്‍ ഭരണമാറ്റം സംഭവിക്കാറുള്ള ഹിമാചലില്‍ ഇത്തവണ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെ പ്രചാരണത്തിന് ഇറങ്ങിയിട്ടും ഭരണം നിലനിര്‍ത്താന്‍ കഴിയാത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ത്രികോണ മല്‍സരമുണ്ടാവുമെന്ന് അവകാശപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാനായില്ല. അതിനിടെ, ബിജെപി തന്ത്രങ്ങള്‍ ഭയന്ന് ഛത്തിസ്ഗഢിലേക്ക് മാറ്റിയ വിജയികള്‍ റിസോര്‍ട്ട് മുറിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുകയാണ്.
കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയും ഹൈക്കമാന്‍ഡ് പ്രീതിയും ഒത്തുവരുന്ന നേതാവ് ആരെന്ന് വൈകീട്ട് നടക്കുന്ന ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാവും. ഇന്ന് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന ഒറ്റവരി പ്രമേയം പാസാക്കും. രാജീവ് ശുക്ലക്കൊപ്പം തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദ്രര്‍ ഹൂഡയും സംസ്ഥാനത്തുണ്ടാവും.