ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വീര്‍ ഭദ്രസിങ്

നേരത്തേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു

Update: 2019-04-10 03:58 GMT

ഷിംല: ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥാനത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കുന്നതാണ് ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീര്‍ഭദ്ര സിങ്. ബിജെപിക്ക് രാമക്ഷേത്രം നിര്‍മിക്കാനുള്ള ധൈര്യമില്ല. അയോധ്യ വിഷയത്തില്‍ കോടതി വിധി വരെ കാത്തിരിക്കണമെന്ന പാര്‍ട്ടി നിലപാടിനു വിരുദ്ധമാണ് തന്റെ നിലപാടെന്നും അദ്ദേഹം ഷിംല ഹോളി ലോഡ്ജിലെ വസതിയില്‍ പിടിഐയോട് പറഞ്ഞു. ഇസ്‌ലാം ഇന്ത്യയിലേക്ക് പിന്നീട് കടന്നുവന്നതാണ്. അയോധ്യയില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചത്. അയോധ്യ ഭഗവാന്‍ രാമന്റെ ആസ്ഥാനമാണ്. പള്ളി തകര്‍ത്തു. ഇനി ക്ഷേത്രം പണിയണം. ബിജെപിക്ക് ക്ഷേത്രം നിര്‍മിക്കാന്‍ ധൈര്യമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ക്ഷേത്രം നിര്‍മിക്കുമായിരുന്നു. ക്ഷേത്രം നിര്‍മിക്കാന്‍ വഴിയൊരുക്കുമായിരുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വീര്‍ ഭദ്രസിങ് കൂട്ടിച്ചേര്‍ത്തു. അഞ്ചുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹിമാചല്‍ മുഖ്യമന്ത്രിയായ വീരഭദ്രസിങ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഉപമന്ത്രിയായും സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെഹ്‌റു-രാജീവ്-ഇന്ദിര-സോണിയ-രാഹുല്‍ തുടങ്ങി നെഹ്‌റു കുടുംബത്തിലെ എല്ലാ തലമുറകള്‍ക്കപ്പുറവും ചേര്‍ന്നു പ്രവര്‍ത്തിച്ച നേതാവാണ്. നേരത്തേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.







Tags:    

Similar News