അമേരിക്കന്‍ മാഗസിന്‍ റിപോര്‍ട്ട് കള്ളം; പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ആവര്‍ത്തിച്ചു വ്യോമസേന
ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും പാകിസ്താന്റെ എഫ്16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തതില്‍ കുറവൊന്നുമില്ലെന്നും അമേരിക്ക കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വാദം ആവര്‍ത്തിച്ചു ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തെ തുടര്‍ന്ന് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ആവര്‍ത്തിച്ചു വ്യോമസേന. ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും പാകിസ്താന്റെ എഫ്16 യുദ്ധവിമാനങ്ങളുടെ കണക്കെടുത്തതില്‍ കുറവൊന്നുമില്ലെന്നും അമേരിക്ക കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച വാദം ആവര്‍ത്തിച്ചു ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്. പാകിസ്താന്‍ വിമാനങ്ങള്‍ കൂട്ടമായാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് നടത്തിയ തിരിച്ചടിയിലാണ് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടത്. ജമ്മുകശ്മീരിലെ നൗഷേരാ മേഖലയിലായിരുന്നു സംഭവമെന്നും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ പാക് എഫ്16 യുദ്ധവിമാനം വെടിവച്ചിട്ടിട്ടില്ലെന്നു അമേരിക്കന്‍ മാഗസിന്‍ വെബ്‌സൈറ്റായ ഫോറിന്‍ പോളിസിയാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. യുഎസ് പ്രതിരോധ വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപോര്‍ട്ട്. വ്യോമ ഏറ്റുമുട്ടലിനിടെ എഫ്16 യുദ്ധവിമാനത്തിന് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാവുമെന്നും എന്നാല്‍ അത് ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവില്ലെന്നും വിമാനത്തിലാണ് വെടിയേറ്റതെന്ന് തെറ്റിദ്ധരിച്ചതാവാമെന്നും യുഎസ് പ്രതിരോധസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട്.