ഇടുക്കി ഡാം തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

Update: 2021-10-13 02:07 GMT

കട്ടപ്പന: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍, അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി.

ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. ഇതിന് ഒരടിയില്‍ താഴെ ജലനിരപ്പ് ഉയര്‍ന്നാല്‍ മതി. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. എന്നാല്‍ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്റെ കണക്കു കൂട്ടല്‍. അതിനാല്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടില്‍ സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതി. വൈദ്യുതി ഉല്‍പ്പാദിപ്പിച്ചോ ഷട്ടര്‍ തുറന്നു വിട്ടോ ഇത് ക്രമീകരിക്കാം. വൈദ്യുതി ക്ഷാമം നേരിടുന്ന സമയത്ത് ജലക്കമ്മീഷന്റെ ഈ നിര്‍ദ്ദേശം കെഎസ്ഇബിക്കും ആശ്വാസമായിട്ടുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്.

Tags:    

Similar News