വഴിയരികില്‍ മുറിവേറ്റു കിടന്ന പട്ടിയെ രക്ഷപ്പെടുത്തി ഇമാം; വീഡിയോ വൈറല്‍
'ആ ജീവി രണ്ടാഴ്ചയിലേറെയായത്രേ ഈ വിധത്തില്‍ ആ പരിസരത്ത് കഴിയുന്നത്.. ആ ജീവി അനുഭവിച്ച വേദനയുടെ തീരാശാപം നിങ്ങളെ ഇന്നല്ലെങ്കില്‍ നാളെ പിടികൂടുക തന്നെ ചെയ്യും' ഹാരിസ് ജമാലി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
കണ്ണൂര്‍: കുരുക്ക് മുറുകി മുറിവേറ്റ് വഴിയരികില്‍ ജീവച്ഛവമായി കിടന്ന പട്ടിയെ രക്ഷപ്പെടുത്തി കണ്ണൂര്‍ ഉരുവച്ചാല്‍ ടൗണ്‍ മസ്ജിദ് ഖത്തീബ് ഹാരിസ് ജമാലി. കാറില്‍ പോകുന്നതിനിടെയാണ് വഴിയരികില്‍ കിടക്കുന്ന പട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇമാം പറഞ്ഞു.
പന്നിയെ കുരുക്കാന്‍ ആരോ വെച്ച ലോഹ കേബിള്‍ കൊണ്ടുള്ള കുരുക്ക് പട്ടിയുടെ കാലിന്റെ മുട്ടിനു മുകളില്‍ കുരുങ്ങിയ നിലയിലായിരുന്നു. മുട്ടിനു മുകളില്‍ മാംസം ഇളകി വേദന കൊണ്ട് ജീവച്ഛവമായ നിലയിലായിരുന്നു പട്ടിയെന്ന് ഹാരിസ് ജമാലി പറയുന്നു.
'ഞാനും ഫാമിലിയും ഇന്ന് മകളുടെ ഭര്‍ത്താവ് പഴശ്ശിയിലെ ഫര്‍ഹാന്റെ വീട്ടില്‍ പോയി കാറില്‍ തിരികെ വരുമ്പോള്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന്റെ മുന്നില്‍ ഒരു പട്ടി നില്‍ക്കുന്നത് കണ്ടു.. പെട്ടെന്ന് മനസ്സില്‍ തോന്നി ആ പട്ടിയുടെ കാല്‍ എന്തോ കുരുക്കില്‍ പെട്ടത് പോലെയുണ്ടെന്ന്..കാര്‍ തിരിച്ചു പട്ടിയുടെ അടുത്തെത്തിയപ്പോള്‍ കണ്ട രംഗം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല'. ഹാരിസ് ജമാലി കുറിച്ചു.
'മുട്ടിനു താഴെയും തൊലിയിളകി സങ്കടകരമായ അവസ്ഥ..പെട്ടന്ന് കാറില്‍ സൂക്ഷിച്ചു വെച്ചിരുന്ന ഗ്ലൗസ് എടുത്തു കുരുക്ക് അഴിക്കാന്‍ ശ്രമിച്ചു.. കൂടെ മകളുടെ ഭര്‍ത്താവ് ഫര്‍ഹാനും കൂടി.. അതുവഴി കടന്നു പോയ ഒരു മാന്യ സഹോദരി (അവര്‍ 1990/1991)കാലഘട്ടത്തില്‍ കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ മോഹിനിയാട്ടവും, കുച്ചിപ്പുടിയുമൊക്കെ അവതരിപ്പിച്ചു തിളങ്ങിയ വിദ്യാര്‍ഥിനിയാണെന്ന് ഞാന്‍ ഓര്‍ക്കുന്നു..
ആ സഹോദരി പെട്ടന്ന് കൂത്തുപറമ്പില്‍ പോയി ഡ്രസ്സ് ചെയ്യാനുള്ള കോട്ടണ്‍, മരുന്ന് എന്നിവയുമായി വന്നു സഹകരിച്ചു..ഏതാണ്ട് ഒരു മണിക്കൂറോളം കഠിനമായ പരിശ്രമത്തിന്റെ ഫലമായി ആ സാധു ജീവിയുടെ കുരുക്ക് അഴിച്ചു രക്ഷപ്പെടുത്താന്‍ സാധിച്ചു'.
'ആ ജീവി രണ്ടാഴ്ചയിലേറെയായത്രേ ഈ വിധത്തില്‍ ആ പരിസരത്ത് കഴിയുന്നത്.. ആ ജീവി അനുഭവിച്ച വേദനയുടെ തീരാശാപം നിങ്ങളെ ഇന്നല്ലെങ്കില്‍ നാളെ പിടികൂടുക തന്നെ ചെയ്യും.. താല്‍കാലിക ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ കാരണം ഇഹപര ജീവിതവിജയം നഷ്ടപ്പെടുത്തിയേക്കാം... ചെയ്യാരുതൊരാളും ഈ കെടുതികള്‍'. ഹാരിസ് ജമാലി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.