കശ്മീരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ യുഎപിഎ ചുമത്തി തുറങ്കിലടച്ചു

ബുംഹാമ കുപ്‌വാരയിലെ ഖാസിര്‍ മുഹമ്മദ് ദറിന്റെ 15കാരനായ മകന്‍ സഹൂര്‍ അഹ്മദ് ദര്‍ ആണ് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ട കൗമാരക്കാരന്‍.

Update: 2021-06-04 05:25 GMT

ശ്രീനഗര്‍: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പോലിസ് കരിനിയമമായ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച എട്ടുപേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും. ബുംഹാമ കുപ്‌വാരയിലെ ഖാസിര്‍ മുഹമ്മദ് ദറിന്റെ 15കാരനായ മകന്‍ സഹൂര്‍ അഹ്മദ് ദര്‍ ആണ് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ട കൗമാരക്കാരന്‍.

വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ അടുത്തിടെ റോഡ് അപകടത്തില്‍മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് പോലിസ് നടപടി. എന്നാല്‍ പോലിസിന്റെ ആരോപണങ്ങള്‍ കുടുംബം നിഷേധിക്കുകയാണ്.

ബുംഹാമ കുപ്‌വാര നിവാസികളായ ആബിദ് ഹുസൈന്‍ മിര്‍, ഖാസിര്‍ അഹമ്മദ് മിര്‍, ബിലാല്‍ അഹമ്മദ് മിര്‍, അഹ്ജാസ് അഹമ്മദ് ഷെയ്ഖ്, അബ്ബാസ് അഹമ്മദ് മിര്‍, ഫിര്‍ദൗസ് അഹമ്മദ് ഭട്ട്, ഫയാസ് ഫയസ് അഹ്മദ് ദാര്‍ എന്നിവരാണ് എഫ്‌ഐആറില്‍ പേരുള്ള മറ്റുള്ളവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎപിഎ സെക്ഷന്‍ 13 പ്രകാരം എഫ്‌ഐആറില്‍ പേരുള്ള നാലുപേരെ അറസ്റ്റ് ചെയ്തതായി ഒരു പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ബുംഹാമയിലെ അബ്ദുല്‍ അഹദ് ദറിന്റെ മകന്‍ മുഹമ്മദ് അമിന്‍ ദര്‍ കഴിഞ്ഞ മാസം 28ന് രാത്രി വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്.

പ്രാദേശിക സര്‍പഞ്ച് വീട്ടിലെത്തുകയും ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചെന്നറിയിക്കുകയും സഹൂറിനെ ലോക്കല്‍ പോലിസ് സ്‌റ്റേഷനായ ഡ്രഗ്മുള്ളയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് സഹൂറിന്റെ കുടുംബം പറഞ്ഞു. ഒരു പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയാണ് സഹൂര്‍. തന്റെ മകന്‍ നിരപരാധിയാണെന്ന് എനിക്കറിയാം. ദിവസം മുഴുവന്‍ അവന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാപൃതനായിരിക്കുകയും രോഗിയായ മാതാവിനെ പരിപാലിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സഹൂറിന്റെ പിവാത് ഖാസിര്‍ പറഞ്ഞു.

'അവര്‍ തന്റെ മകന്റെ കരിയര്‍ നശിപ്പിച്ചു. ചെയ്യാത്ത ഒരു കാര്യത്തിന് 15 വയസുള്ള കുട്ടിയെ എങ്ങനെ തടവിലാക്കുമെന്നും ഖാസിര്‍ ചോദിക്കുന്നു. മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് കശ്മീരില്‍ യുഎപിഎ ചുമത്തി കേസെടുക്കുന്നത് ഇതാദ്യമല്ല. മുദ്രാവാക്യം വിളിക്കുന്നത് രാജ്യത്തിനെതിരായ ഏതെങ്കിലും കുറ്റകൃത്യത്തിനോ രാജ്യദ്രോഹത്തിനോ തുല്യമല്ലെന്ന് ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സാലിഹ് പീര്‍സാദ പറഞ്ഞു.

Tags:    

Similar News