നാഗ്പൂരില്‍ ബിജെപി തകര്‍ത്ത രാമക്ഷേത്രം രണ്ടുവര്‍ഷമായിട്ടും പുനര്‍നിര്‍മിച്ചില്ല
നാഗ്പൂര്‍: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിനു ശിലയിട്ടപ്പോള്‍ ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ബിജെപി തകര്‍ത്ത രാമക്ഷേത്രം രണ്ടുവര്‍ഷമായിട്ടും പുനര്‍നിര്‍മിച്ചില്ല. വികസനത്തിന്റെ പേരുപറഞ്ഞ്, ഹൈന്ദവ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ തകര്‍ത്ത ക്ഷേത്രമാണ് രണ്ടുവര്‍ഷമായിട്ടും പുനര്‍നിര്‍മിക്കാതെ കിടക്കുന്നത്. ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ശ്രീരാമ സ്‌നേഹം പൊള്ളയും രാഷ്ട്രീയ അധികാരം പിടിക്കാന്‍ വേണ്ടിയുള്ളതാണെന്നും തെളിയിക്കുന്നതാണ് നാഗ്പൂരിലെ സംഭവമെന്ന് ഹൈന്ദവ വിശ്വാസികള്‍ തന്നെ തുറന്നുപറയുന്നു. 1992 ഡിസംബര്‍ ആറിനു അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ആഗസ്ത് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിനു ഭൂമി പൂജ നിര്‍വഹിച്ചത്.
ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണകാലത്ത് ബിജെപി എംഎല്‍എയും മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവാങ്കുലെയുടെ നിര്‍ദേശപ്രകാരമാണ് നാഗ്പൂര്‍ നഗരത്തിനടുത്തുള്ള കോരാഡി ഗാറ്റ് ഗ്രാമപ്പഞ്ചായത്തിലെ ജഖാപൂര്‍ ഗ്രാമത്തിലെ ഇരുനിലകളുള്ള ശ്രീരാമക്ഷേത്രം 2018 നവംബറില്‍ പൊളിച്ചുമാറ്റിയത്. ബിജെപിയുടെ ഫഡ്നാവിസ്. അക്കാലത്ത് മഹാരാഷ്ട്രയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയായിരുന്നു ബവങ്കുലെ. ''ബിജെപി രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. കോരാഡിയില്‍ വന്ന് ഒരു രാമക്ഷേത്രത്തോട് അവര്‍ എന്താണ് ചെയ്തതെന്ന് കാണൂ എന്നാണ് ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച ട്രസ്റ്റിലെ ഒരു അംഗം പറഞ്ഞു.
2001 മെയ് 29 ന് രജിസ്റ്റര്‍ ചെയ്ത ശ്രീരാം മന്ദിര്‍ കൊരാഡി ട്രസ്റ്റാണ് ക്ഷേത്രം കൈകാര്യം ചെയ്തിരുന്നതെന്ന് 'ഹഫ്‌പോസ്റ്റ് ഇന്ത്യ' പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തുന്നു. 2007 ജനുവരി 11നാണ് ബവാങ്കുലെ പ്രസ്തുത ട്രസ്റ്റിന്റെ പ്രസിഡന്റായി നിയമിതനായത്. അദ്ദേഹം തന്നെയാണ് ഇപ്പോഴും ട്രസ്റ്റ് പ്രസിഡന്റ്. 2010-11ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലിരുന്നപ്പോള്‍ സി കാറ്റഗറി തീര്‍ത്ഥാടന വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ രാമക്ഷേത്രത്തിന്റെ വികസനത്തിനായി അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, 2018ല്‍ ബവങ്കുലെയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം പൊളിച്ചുമാറ്റുകയായിരുന്നു. ക്ഷേത്രത്തിലെ രാമവിഗ്രഹം സമീപത്തുള്ള ശ്രീ ജഗദമ്പ മാതാ ക്ഷേത്രത്തിലെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലെത്തിയ ശേഷം പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രം തകര്‍ത്തതെന്നാണ് ബവാങ്കുലെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ പൊളിച്ചുമാറ്റിയ ക്ഷേത്രത്തില്‍ നിന്നുള്ള രാമവിഗ്രഹം അതേ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുളം വികസനത്തിന് രാമക്ഷേത്രം തടസ്സമായതിനാലാണ് പൊളിച്ചുമാറ്റിയത്. എന്നാല്‍, വികസനത്തിന്റെ പേരുപറഞ്ഞ് പൊളിച്ചുമാറ്റി രണ്ടു വര്‍ഷം പിന്നിടുകയും നിരവധി കമ്മിറ്റികള്‍ വരികയും ചെയ്‌തെങ്കിലും ശ്രീരാമക്ഷേത്രം പുനര്‍നിര്‍മാണം ജലരേഖയായി മാറിയിരിക്കുകയാണ്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുനര്‍വികസന പദ്ധതി പ്രകാരമാണ് ഇത് ചെയ്തതെന്നു പറഞ്ഞ ബവാങ്കുലെ ''ഞങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ലെന്നും മാറ്റുകയാണ് ചെയ്തതെന്നുമാണ് ന്യായീകരിക്കുന്നതെന്നും പ്രദേശവാസികളായ ഹൈന്ദവ വിശ്വാസികള്‍ പറഞ്ഞു. തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അതേപടി കിടക്കുകയാണ്. ബവാങ്കുലെ അധ്യക്ഷനായ രാമക്ഷേത്ര ട്രസ്റ്റിനോട് കാണിക്കുന്ന ഇരട്ടത്താപ്പും വിശ്വാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ''പുനര്‍വികസനത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് ഒരു രാമക്ഷേത്രം മാറ്റിസ്ഥാപിക്കാനും തകര്‍ക്കാനും കഴിയില്ല. ഒരുപക്ഷേ പല പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പഴയ ക്ഷേത്രമാണിതെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ ട്രസ്റ്റംഗം ഹഫ് പോസ്റ്റിനോട് പറഞ്ഞു.
''ക്ഷേത്രത്തില്‍ എല്ലായ്‌പോഴും നിരവധി ആളുകള്‍ എത്താറുണ്ടായിരുന്നു. പക്ഷേ ഈ മനുഷ്യന്റെ (ബവാങ്കുലെയുടെ) മനസ്സില്‍ ഒരു ചിന്ത വന്നു. അതനുസരിച്ച് രാമക്ഷേത്രം പൊളിച്ചു. അതിന്റെ ആവശ്യമില്ലായിരുന്നുവെന്നും ട്രസ്റ്റ് അംഗവും പ്രദേശവാസികളായ ഭക്തരും ഒരേ സ്വരത്തില്‍ പറഞ്ഞു. ബവാങ്കുലെയുടെ പ്രതികാര നടപടികളെ ഭയന്നാണ് തങ്ങള്‍ ഇപ്പോള്‍ സംസാരിക്കാത്തതെന്ന് അവര്‍ പറയുന്നു.
''ബവാങ്കുലെ നാഗ്പൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും സംസ്ഥാന ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായിരുന്നു. അദ്ദേഹത്തിനെതിരേ ഒരു വാക്ക് പറയാന്‍ തുനിഞ്ഞ ആര്‍ക്കും ഒന്നുകില്‍ ജോലി അല്ലെങ്കില്‍ വ്യാപാരം നഷ്ടപ്പെട്ടുവെന്നും ട്രസ്റ്റിലെ ഒരംഗം പറഞ്ഞു. ''അദ്ദേഹം രാമനെ പോലും വെറുതെ വിട്ടില്ല. ശ്രീരാമന്റെ പ്രതിമ ഹനുമാന്‍ ക്ഷേത്രത്തിലോ, ശിഷ്യനായ ഹനുമാന്റെ അരികിലോ സ്ഥാപിച്ചിരിക്കുന്നതായി എവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. ഈ ക്ഷേത്രം തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ലെന്ന് മറ്റൊരു ഭക്തന്‍ പറഞ്ഞു. ''എന്നാല്‍ 2019 ല്‍ അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് നോക്കൂ. ഒരു രാഷ്ട്രീയക്കാരനും ഇത്തരമൊരു അപമാനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഭഗവാന്‍ രാമന്റെ ശാപമാണ് അതെന്നും അദ്ദേഹം പറഞ്ഞു. കോരാഡി നിവാസിയും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായ നാന കമ്പാലെ പറഞ്ഞു, ''ഈ രാമക്ഷേത്രം ഏകദേശം നൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രമായിരുന്നു. ചന്ദ്രശേഖര്‍ ബവാങ്കുലെയുടെ നിര്‍ദേശപ്രകാരം ഇത് പൊളിച്ചുമാറ്റി. കൊരാഡിയിലെ ഹിന്ദു വിശ്വാസികളെല്ലാം ഞെട്ടിപ്പോയി, പക്ഷേ ബവങ്കുലെയുടെ ഭീകരത കാരണം ആരും എതിര്‍ത്ത് മുന്നോട്ട് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
In Nagpur, Ram Mandir Demolished By BJP In 2018 Awaits Reconstruction