ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തില്‍ ആരെയും ഭയക്കരുതെന്ന് നാഗ്പൂരില്‍ രാഹുല്‍ഗാന്ധി

Update: 2023-12-28 14:05 GMT

നാഗ്പൂര്‍: ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരെയും ഭയപ്പെടരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പുരിലെ ദിഗോരിയിലെ ആസാദ് മൈതാനത്ത് നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിയുടെ 139ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് റാലി നടത്തിയത്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബിജെപി പിടിമുറുക്കിക്കഴിഞ്ഞു. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് യോഗ്യതയല്ല മാനദണ്ഡം. മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയുടെ ഭാഗമായതിനാലാണ് നിയമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് നടക്കുക. പ്രധാനമന്ത്രി ആരെയും കേള്‍ക്കാന്‍ തയ്യാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകള്‍ അനുസരിക്കണമെന്ന സ്ഥിതിയാണ്. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസില്‍ ഏതൊരു പ്രവര്‍ത്തകനും പാര്‍ട്ടിയിലെ നേതാക്കളെ വിമര്‍ശിക്കാനുള്ള അവസരമുണ്ട്. ബിജെപിയില്‍ അടിമത്തമാണുള്ളത് എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജെപി എംപിയുമായ വ്യക്തി തന്നോട് പറഞ്ഞെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാഗ്പുരിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തി. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ സംബന്ധിച്ചു.

Tags:    

Similar News