കാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ചോദ്യം ചെയ്തു
പാലക്കാട്: വാളയാറില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഒരുകോടി രൂപ പോലിസ് പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. ബിജെപി വണ്ടാഴി മണ്ഡലം മുന്‍ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായര്‍ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവര്‍ പ്രശാന്തിനെയും (32) പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ വാഹനപരിശോധനക്കിടെ കാറില്‍ ഒരുകോടി രൂപ കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാര്‍. ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. ജെയ്‌സണ്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പണം വിട്ടുനല്‍കൂവെന്നും എന്‍ഫോഴ്‌സ്മെന്റ് വിഭാഗം തുടര്‍നടപടി സ്വീകരിച്ചുവരികയാണെന്നും വാളയാര്‍ പോലിസ് പറഞ്ഞു.