വോട്ടുപെട്ടി കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

Update: 2023-01-17 11:26 GMT

മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെയും മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫിസിലെയും ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലാ കലക്ടര്‍ നോട്ടിസ് നല്‍കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിട്ടേണിങ് ഓഫിസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ ട്രഷറി ഓഫിസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടുപോയ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് കേസ് നടക്കുന്ന ഒരു മണ്ഡലത്തിലെ സാധനസാമഗ്രികള്‍ ഡബിള്‍ ലോക്കിട്ട് സൂക്ഷിക്കേണ്ടത് അതത് ഓഫിസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഒരു പെട്ടിയിലെ സ്‌പെഷ്യല്‍ തപാല്‍ ബാലറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതില്‍ ട്രഷറി ഓഫിസര്‍ക്ക് വീഴ്ചയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെട്ടിയാണോ എന്ന് ഒത്തുനോക്കാതെ ഇത് കൈപ്പറ്റിയതില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്കും വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷ്യല്‍ തപാല്‍ വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി എം മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം അതീവഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കോടതി കക്ഷിചേര്‍ത്തിരിക്കുകയാണ്. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

Tags:    

Similar News