ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 36 പൈസവും വര്‍ധിച്ചു
50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്.
കൊച്ചി: ഒന്നര മാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്.
കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84 രൂപ. ഒരുമാസത്തിലേറെ തുടര്‍ന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല.
മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസമായി എണ്ണവിതരണ കമ്പനികളുടെ ലാഭം വര്‍ധിച്ചിട്ടുണ്ട്. മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥ കരകയറി വരികയാണ്. ഇത് എണ്ണ വിതരണ കമ്പനികളുടെ ലാഭത്തിലും പ്രതിഫലിക്കും. ഇന്ധനത്തിന്റെ ആവശ്യകത ഉയരുന്നത് എണ്ണവിതരണ കമ്പനികളുടെ ലാഭം ഉയരാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.