'ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നു'; ഇമ്രാന്‍ ഖാന് കത്തെഴുതി മോദി
പാകിസ്താന്‍ ദിനത്തോടനുബന്ധിച്ച് പാക് പൗരന്‍മാര്‍ക്ക് തന്റെ അഭിവാദ്യം അര്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പാകിസ്താനുമായി ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അതിന് അനിവാര്യമാണെന്നും മോദി ഇമ്രാന്‍ ഖാന് അയച്ച കത്തില്‍ പറഞ്ഞു.
പാകിസ്താന്‍ ദിനത്തോടനുബന്ധിച്ച് പാക് പൗരന്‍മാര്‍ക്ക് തന്റെ അഭിവാദ്യം അര്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു. 'ഒരു അയല്‍രാജ്യമെന്ന നിലയില്‍, ഇന്ത്യ പാകിസ്ഥാനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്,' അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും അയയ്ക്കുന്ന പതിവ് കത്താണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇമ്രാന്‍ ഖാനും പാക് ജനതയ്ക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ക്രിയാത്മക മുന്നേറ്റത്തിന്റെ സൂചനകളാണ് അടുത്തിടെ പുറത്തുവരുന്നത്.
കഴിഞ്ഞ മാസം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ ഇന്ത്യാ- പാക് സൈന്യം ശുപാര്‍ശ ചെയ്തിരുന്നു. സിന്ധു കമ്മീഷന്റെ യോഗത്തിനായി തിങ്കളാഴ്ച പാകിസ്താന്‍ ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. രണ്ടര വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ആദ്യ സംഭാഷണമാണിത്.