കൊവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി

Update: 2021-05-18 06:15 GMT

ന്യുഡല്‍ഹി: കൊവിഡ് ചികിത്സ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. പ്ലാസ്മ തെറാപ്പി ഫലപ്രദം അല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് ഐസിഎംആറിന്റെയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നടപടി.

കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചു മറ്റുള്ളവര്‍ക്ക് രോഗമുക്തി നേടാന്‍ ഉപയോഗിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി.

സാധാരണ ചികിത്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന സാന്ദ്രതയുള്ള പ്ലാസ്മ മരണനിരക്ക് കുറയ്ക്കുന്നില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'കൊവിഡ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ രോഗമുക്തരായവരുടെ പ്ലാസ്മ അതിജീവനത്തിന്റെയോ, ആരോഗ്യ നിലയില്‍ പുരോഗത്തിയോ കാണിക്കുന്നില്ല' ഗവേഷകര്‍ പറഞ്ഞു.

ചൈനയിലെയും നെതര്‍ലാന്‍ഡിലും സമാനമായ പഠനങ്ങള്‍ നടന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് 19 രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പ്ലാസ്മ ചികത്സ കൊണ്ട് കഴിയുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍.

രക്തത്തിലെ ചുവന്നതും വെളുത്തതുമായ രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ എടുത്തതിനുശേഷം അവശേഷിക്കുന്ന ദ്രാവക ഭാഗമാണ് പ്ലാസ്മ. അണുബാധയില്‍ രോഗമുക്തി നേടുന്നവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ആന്റിബോഡിയായി പരിഗണിക്കുന്നു. രോഗം ബാധിച്ചവരെ അണുവിമുക്തമാക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്.

രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലാസ്മ ചികിത്സ നടത്താം എന്നായിരുന്നു കൊവിഡ് ചികിത്സ രീതിയില്‍ നിര്‍ദേശിച്ചിരുന്നത്. ഒന്ന് തുടക്കത്തില്‍ ഉണ്ടാകുന്ന തീവ്രമല്ലാത്ത രോഗം, ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ ലക്ഷണം കാണിക്കുന്നവരില്‍. പക്ഷെ ഏഴ് ദിവസം കഴിഞ്ഞാല്‍ പ്ലാസ്മ ചികിത്സ അനുവദനീയം അല്ല. രണ്ട്, സാന്ദ്രത കൂടുതല്‍ ഉള്ള പ്ലാസ്മ ലഭിക്കുന്ന സാഹചര്യത്തില്‍.

ഇന്ത്യയില്‍ നടത്തിയ ഏറ്റവും വലിയ പ്ലാസ്മ പരീക്ഷണത്തില്‍ കോവിഡ് ചികിത്സയില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ല എന്ന് തെളിഞ്ഞിരുന്നു. കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് കുറക്കുന്നതിലോ, മരണം തടയുന്നത്തിലോ പ്ലാസ്മക്ക് ബന്ധമില്ല എന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഐസിഎംആര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News