ജമ്മു -കശ്‌മീരിനായി 'തിയറ്റർ കമാൻഡ്‌' രൂപീകരിക്കുമെന്ന്‌ ജനറൽ ബിപിൻ റാവത്ത്‌

പാകിസ്താനുമായുള്ള അതിർത്തിപ്രദേശവും ഈ കമാൻഡിന്റെ നിയന്ത്രണത്തിലാകും.

Update: 2020-02-18 02:02 GMT

ന്യൂഡൽഹി: മൂന്ന്‌ സേനാവിഭാഗങ്ങളിലെയും നിശ്ചിത യൂനിറ്റുകളെ ഉൾപ്പെടുത്തി ജമ്മു -കശ്‌മീരിനായി 'തിയറ്റർ കമാൻഡ്‌' രൂപീകരിക്കുമെന്ന്‌ ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്‌റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത്‌. ആകെ അഞ്ച്‌ തിയറ്റർ കമാൻഡുകൾ തുടങ്ങുമെന്നും രണ്ടുവർഷത്തിനുള്ളിൽ ഇവ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീരിനായി പ്രത്യേക തിയറ്റർ കമാൻഡുണ്ടാകും. പാകിസ്താനുമായുള്ള അതിർത്തിപ്രദേശവും ഈ കമാൻഡിന്റെ നിയന്ത്രണത്തിലാകും. മൂന്ന്‌ സേനാവിഭാഗങ്ങളുടെയും പ്രതിരോധവിഭവങ്ങളും സൗകര്യങ്ങളും യോജിപ്പിച്ച്‌ പ്രത്യേക ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെടുന്ന സേനാ ഘടകമാണ്‌ തിയറ്റർ കമാൻഡ്‌. യുദ്ധസാഹചര്യങ്ങളിൽ കരയിലും ആകാശത്തും കടലിലും ഒത്തിണക്കത്തോടെ സേനാ മുന്നേറ്റത്തിന്‌ തിയറ്റർ കമാൻഡുകൾ വഴിയൊരുക്കുമെന്നാണ്‌ വിലയിരുത്തൽ.

പടിഞ്ഞാറൻ നേവൽ കമാൻഡിനെയും കിഴക്കൻ നേവൽ കമാൻഡിനെയും യോജിപ്പിച്ച്‌ പെനിൻസുലാർ കമാൻഡിന്‌ രൂപം നൽകും. കടൽമാർഗമുളള ഭീഷണികൾ നേരിടുകയാണ്‌ പെനിൻസുലാർ കമാൻഡിന്റെ ഉത്തരവാദിത്തം. വ്യോമസേനയുടെ നേതൃത്വത്തിൽ എയർഡിഫൻസ്‌ കമാൻഡുണ്ടാകും. ഹ്രസ്വ–- ദീർഘദൂര മിസൈലുകളും വ്യോമപ്രതിരോധ ഉപകരണങ്ങളും ഈ കമാൻഡിന്‌ കീഴിലാകും.

ഇതിന്‌ പുറമെ പ്രത്യേക പഠന പരിശീലന കമാൻഡിനും സേനാവിന്യാസ കമാൻഡിനും രൂപം നൽകും. സൈനിക വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി യുദ്ധം നേരിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രത്യേക തിയറ്റർ കമാൻഡുകൾ രൂപംനൽകുന്നത്‌. മൂന്ന് വർഷത്തിനുള്ളിൽ മൂന്ന്‌ സേനാ വിഭാഗങ്ങളുടെയും സംയോജനമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്.  

Tags:    

Similar News