കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് ജീവന്‍ നഷ്ടമായത് 594 ഡോക്ടര്‍മാര്‍ക്ക്; പുതിയ കണക്കുകള്‍ പുറത്തുവിട്ട് ഐഎംഎ
ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് ഡല്‍ഹിയിലാണ്. ഇവിടെ 107 ഡോക്ടര്‍മാരുടെ ജീവനുകളാണ് ഇക്കാലയളവില്‍ പൊലിഞ്ഞത്. ബിഹാര്‍ (96), ഉത്തര്‍പ്രദേശ് (67), ജാര്‍ഖണ്ഡ് (39), ആന്ധ്രാപ്രദേശ് (32) എന്നിങ്ങനെയാണ് ഡല്‍ഹി കഴിഞ്ഞാല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ മരണമുണ്ടായ സംസ്ഥാനങ്ങള്‍.
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നേരിടുന്നതിനിടെ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം രാജ്യത്ത് 594 ഡോക്ടര്‍മാരാണ് മരണപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് ഡല്‍ഹിയിലാണ്. ഇവിടെ 107 ഡോക്ടര്‍മാരുടെ ജീവനുകളാണ് ഇക്കാലയളവില്‍ പൊലിഞ്ഞത്. ബിഹാര്‍ (96), ഉത്തര്‍പ്രദേശ് (67), ജാര്‍ഖണ്ഡ് (39), ആന്ധ്രാപ്രദേശ് (32) എന്നിങ്ങനെയാണ് ഡല്‍ഹി കഴിഞ്ഞാല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ മരണമുണ്ടായ സംസ്ഥാനങ്ങള്‍. പുതുച്ചേരിയിലാണ് ഏറ്റവും കുറവ് മരണം. ഇവിടെ ഒരു ഡോക്ടര്‍ മാത്രമാണ് മരണപ്പെട്ടത് എന്നത് ആശ്വാസമാവുന്നു.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹി ഹോട്ട്‌സ്‌പോട്ടായി മാറിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടായത്. ഡോക്ടര്‍മാര്‍ ന്യൂഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ രാത്രിയും പകലുമില്ലാതെ ജോലിചെയ്തതിന്റെ ഫലമായാണ് പിന്നീട് രോഗവ്യാപനം കുറഞ്ഞതെന്ന് ഐഎംഎ പറയുന്നു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരില്‍ 45 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.
ഇന്ത്യയിലെ ഡോക്ടര്‍മാരുടെ മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ചാര്‍ട്ട് സംഘടന പ്രസിദ്ധീകരിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ 329 ഡോക്ടര്‍മാരുടെ ജീവനുകള്‍ വൈറസ് കവര്‍ന്നതായി മെയ് 19ന് പുറത്തുവിട്ട കണക്കില്‍ ഐഎംഎ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി 20 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണെന്നും ഐഎംഎ വിശദീകരിച്ചിരുന്നു. രണ്ടാം തരംഗം രൂക്ഷമായ ആദ്യ രണ്ടുമാസങ്ങളില്‍തന്നെ 269 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മെയ് 18ന് ഐഎംഎ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം അതിവേഗം ഉയരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2020 ലെ ഒന്നാം തരംഗത്തില്‍ 748 ഡോക്ടര്‍മാരെയാണ് രാജ്യത്തിന് നഷ്ടമായതെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ സമാഹരിച്ചാണ് ഡോക്ടര്‍മാരുടെ മരണങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ഐഎംഎ തയ്യാറാക്കിയത്.