കര്‍ഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; സര്‍ദേശായിയെ രണ്ടാഴ്ച 'വിലക്കി' ഇന്ത്യ ടുഡേ, ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചു
ഇന്ത്യ ടുഡേയുടെ കണ്‍സല്‍ട്ടിങ് എഡിറ്ററാണ് സര്‍ദേശായി. അതേസമയം സംഭവത്തില്‍ രാജ്ദീപ് സര്‍ദേശായി പ്രതികരിക്കാന്‍ തയ്യാറായില്ല.
ന്യൂഡല്‍ഹി: വിവാദ നിയമത്തിനെതിരേ റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവെയ്പ്പിലെന്ന് ട്വീറ്റ് ചെയ്യുകയും ചാനല്‍ പരിപാടിയില്‍ പരാമര്‍ശിക്കുകയും ചെയ്ത പ്രമുഖ വാര്‍ത്താ അവതാരകന്‍ രാജ്ദീപ് സര്‍ദേശായിക്ക് രണ്ടാഴ്ച ഓണ്‍ എയര്‍ പരിപാടികളില്‍ 'വിലക്കേര്‍പ്പെടുത്തി' ഇന്ത്യ ടുഡേ മാനേജ്‌മെന്റ്. ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു. ഇന്ത്യ ടുഡേയുടെ കണ്‍സല്‍ട്ടിങ് എഡിറ്ററാണ് സര്‍ദേശായി. അതേസമയം സംഭവത്തില്‍ രാജ്ദീപ് സര്‍ദേശായി പ്രതികരിക്കാന്‍ തയ്യാറായില്ല.
മരിച്ച നവ്‌നീത് സിങ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ദേശായി അവകാശപ്പെട്ടത്. ചാനലിന് പുറമേ, ട്വിറ്ററിലും സര്‍ദേശായി ഇതു പോസ്റ്റ് ചെയ്തു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. '45കാരനായ നവ്‌നീത് എന്നയാള്‍ ഐടിഒയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു' എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.
ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പോലിസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ വീഡിയോയും പോലിസ് പുറത്തുവിട്ടിരുന്നു. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ, കര്‍ഷകരുടെ അവകാശവാദം നിലനില്‍ക്കുന്നതല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് എന്നും സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചിരുന്നു. ചെങ്കോട്ടയിലും ഐടിഒയിലും സംയമനം പാലിച്ച പോലിസിനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.