മുസ്‌ലിംകള്‍ കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന വര്‍ഗീയ മുന്‍വിധി ഇന്ത്യയിലെ പോലിസിനുണ്ടെന്ന് പഠന റിപോര്‍ട്ട്

ന്യൂഡല്‍ഹി: കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുള്ളവരെ കുറിച്ച് രാജ്യത്തെ വലിയൊരു വിഭാഗം പോലിസുകാര്‍ക്ക് വര്‍ഗീയ മുന്‍വിധി ഉള്ളതായി കണ്ടെത്തി. മുസ്‌ലിംകള്‍ സ്വാഭാവികമായും വലിയ തോതില്‍ കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവരാണെന്നാണ് കൂടുതല്‍ പോലിസുകാര്‍ വിശ്വസിക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പോലിസുകാരില്‍ ഇത് വളരെ കൂടുതലാണെന്ന് ''സ്റ്റാറ്റസ് ഓഫ് പോലീസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് 2025: പോലീസ് പീഡനവും (അണ്‍) അക്കൗണ്ടബിലിറ്റിയും'' എന്ന റിപോര്‍ട്ട് പറയുന്നു. കേരളത്തിലെ പോലിസുകാരിലാണ് ഇത് ഏറ്റവും കുറവ്.
ലോക്‌നീതി, സിഎസ്ഡിഎസ്, ലാല്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് 'കോമണ്‍ കോസ്' എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെയും ദേശീയ തലസ്ഥാനത്തെയും പോലിസ് സ്‌റ്റേഷനുകള്‍, കോടതികള്‍ തുടങ്ങിയ 82 സ്ഥലങ്ങളിലെ വിവിധ റാങ്കുകളിലുള്ള 8,276 പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ 70 ശതമാനം പോലിസുകാരും മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 68 ശതമാനം പോലിസുകാരും ഗുജറാത്തിലെ 67 ശതമാനം പോലിസുകാരും ജാര്‍ഖണ്ഡിലെ 66 ശതമാനം പോലിസുകാരും മുസ്‌ലിംകള്‍ സ്വഭാവികമായും കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നവരാണ്. ഹിന്ദു സമുദായത്തില്‍ നിന്നുള്ള പോലിസുകാര്‍ക്കാണ് ഈ വിശ്വാസം കൂടുതല്‍. സിഖുകാരായ പോലിസുകാരിലാണ് ഈ അന്ധവിശ്വാസം ഏറ്റവും കുറവ്. മുസ്‌ലിംകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ഡല്‍ഹിയിലെ 39 ശതമാനം പോലിസുകാരും വിശ്വസിക്കുന്നു. കര്‍ണാടകത്തിലെ 17 ശതമാനം പോലിസുകാര്‍ക്കും ഈ വിശ്വാസമുണ്ട്. മുസ്‌ലിംകള്‍ കുറ്റങ്ങള്‍ ചെയ്‌തേക്കാമെന്നാണ് കര്‍ണാടകയിലെ 44 ശതമാനം പോലിസുകാരുടെ ധാരണ. കര്‍ണാടകയിലെ വെറും ഏഴു ശതമാനം പോലിസുകാര്‍ക്ക് മാത്രമാണ് അത്തരം ധാരണകളില്ലാത്തത്.
ദലിതര്‍ സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവരാണെന്നും പോലിസുകാര്‍ വിശ്വസിക്കുന്നുണ്ട്. ഗുജറാത്തിലെ 68 ശതമാനം പോലിസുകാര്‍ക്കും ആ വിശ്വാസമുണ്ട്. മഹാരാഷ്ട്ര (52 ശതമാനം), മധ്യപ്രദേശ് (51 ശതമാനം) എന്നീ സംസ്ഥാനങ്ങളിലെ പോലിസ് ഉദ്യോഗസ്ഥരില്‍ പകുതിയിലധികം പേരും ദലിതര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന് വിശ്വസിക്കുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആദിവാസികള്‍ക്ക് പ്രവണതയുണ്ടെന്നാണ് ഗുജറാത്തിലെ 56 ശതമാനം പോലിസുകാരും വിശ്വസിക്കുന്നത്.
മുസ്‌ലിംകളെ കുറിച്ച് വര്‍ഗീയ കാഴ്ച്ചപാട് രാജ്യത്ത് ഏറ്റവും കുറവുള്ളത് കേരളത്തിലെ പോലിസ് സേനയിലാണെന്നും റിപോര്‍ട്ട് പറയുന്നു. അറസ്റ്റിലായവരുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധമുള്ളത് കേരളത്തിലെ പോലീസിനാണെന്നും ഏറ്റവും കുറവ് ഝാര്‍ഖണ്ഡ്, ഗുജറാത്ത് പോലീസിനാണെന്നും കണ്ടെത്തി. ആള്‍ക്കൂട്ടാക്രമണത്തെ പിന്തുണയ്ക്കുന്നതിന്റെ തോത് ഗുജറാത്ത് (57 ശതമാനം), ആന്ധ്രാപ്രദേശ് (51 ശതമാനം), മഹാരാഷ്ട്ര (50 ശതമാനം), തമിഴ്‌നാട് (46 ശതമാനം), ഒഡീഷ (42 ശതമാനം) എന്നിങ്ങനെയാണ്.അപകടകാരികളായ കുറ്റവാളികളെ വിചാരണയ്ക്ക് വിട്ടുനല്‍കാതെ വധിക്കണമെന്ന നിലപാടുകാരാണ് 22 ശതാനം പോലിസുകാരെന്നും റിപോര്‍ട്ട് പറയുന്നു.