ഇന്ത്യന്‍ യൂനിയന്‍ (പ്രൈവറ്റ്) ലിമിറ്റഡ്; വസ്തുവില്‍പനക്കാര്‍ രാജ്യം ഭരിക്കുന്നതിന്റെ ഫലം എസ്ഡിപിഐ
കപട രാജ്യസ്‌നേഹികളായ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: പൊതുസ്വത്തുക്കള്‍ സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റൊഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ എസ്ഡിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. കപട രാജ്യസ്‌നേഹികളായ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 6 ലക്ഷം കോടി നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ് ലൈന്‍ (എന്‍എംപി)പദ്ധതി പൊതുമേഖലയിലെ ആസ്തികള്‍ സ്വകാര്യ പാര്‍ട്ടികള്‍ക്ക് തീറെഴുതിക്കൊടുത്ത് ആറു ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ധന സമാഹരണത്തിനായി ചെന്നൈ, ഭോപാല്‍, വാരാണസി, വഡോദര എന്നിവിടങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏതാണ്ട് 25 വിമാനത്താവളങ്ങളും, 40 റെയില്‍വേസ്‌റ്റേഷനുകളും, 15 റെയില്‍വേ സ്‌റ്റേഡിയങ്ങളും, എണ്ണമറ്റ റെയില്‍വേ കോളനികളും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
വസ്തുവഹകള്‍ 'വിറ്റഴിച്ചിട്ടില്ല,'അവയുടെ ഉടമാവകാശം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കുമെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുമുതല്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് സര്‍ക്കാര്‍ കൈമാറ്റം ചെയ്ത ഇതുവരെയുള്ള രീതി വെച്ച് ധനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ല.
കേന്ദ്രത്തില്‍ അധികാരത്തിലേറിയത് മുതല്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമ കാര്യങ്ങളെക്കുറിച്ച് ഈ ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടേയില്ല. മതത്തിന്റെ പേരില്‍ വിഭാഗിയത സൃഷ്ടിക്കുകയും കോര്‍പറേറ്റ് ഭീമ ചങ്ങാതിമാരെ ഊട്ടുകയുമായിരുന്നു ഈ സര്‍ക്കാരിന്റെ ഇത് വരെയുള്ള 'വികസന' പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണമെന്ന തങ്ങളുടെ ദൗത്യം മറന്ന സര്‍ക്കാര്‍, രാഷ്ട്രത്തിനു ഹാനികരമായ വിധത്തില്‍ ഒന്നാംതരം വസ്തു ഇടപാടുകാര്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കപട രാജ്യസ്‌നേഹ മുഖമൂടിയണിഞ്ഞ സര്‍ക്കാരും അതിന്റെ ചാലകശക്തിയായ ആര്‍എസ്എസും രാജ്യം വിറ്റ് പണമുണ്ടാക്കുകയാണ്. യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ ഉണര്‍ന്നെണീറ്റ് ഫാഷിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാത്ത പക്ഷം അദാനിമാരുടെയും അംബാനിമാരുടെയും സ്വകാര്യ ഭൂമിയില്‍, നമ്മള്‍ അവര്‍ക്ക് വാടക നല്‍കി ജീവിക്കേണ്ടിവരുന്ന അവസ്ഥ സംജാതമാകുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.