നവവധു ഇന്ദുജയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

Update: 2024-12-08 04:58 GMT

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസും കസ്റ്റഡിയില്‍. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് അജാസ് ഇവരെ മര്‍ദിച്ചെന്ന് അഭിജിത്ത് മൊഴിനല്‍കി. എന്നാല്‍, ഈ ആരോപണം അജാസ് നിഷേധിച്ചു. അതേസമയം, ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ അഭിജിത്തിന്റെ കുടുംബത്തേയും ചോദ്യം ചെയ്യും.

ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് കിഴക്കുംകര വീട്ടില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ശനിയാഴ്ച ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.

ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയില്‍ അച്ഛനേയും സഹോദരനേയും ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരന്‍കാണി പാലോട് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടക്കുന്ന വേളയില്‍ ഇന്ദുജയുടെ ശരീരത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തി. ഇതിനെ ത്തുടര്‍ന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് അജാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഭിജിത്തുമായുള്ള ചാറ്റ് പൂര്‍ണമായും നശിപ്പിച്ചതായും കണ്ടെത്തി.

അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അറിഞ്ഞ് തന്നെയാണ് അഭിജിത്ത് യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധം പിന്നീട് ഒഴിവാക്കാന്‍ ശ്രമിച്ചതായി അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കാറില്‍ വച്ച് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചെന്നാണ് അഭിജിത്തിന്റെ മൊഴിയില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൂന്നു പേരുടെയും ഫോണുകള്‍ പോലിസ് വിശദമായി പരിശോധിക്കുകയാണ്. ഇന്ദുജയെ ഡിവോഴ്‌സ് ചെയ്യാനായി അഭിജിത് ശ്രമം നടത്തിയിരുന്നെന്നും സൂചനയുണ്ട്.

Similar News