വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാന റാങ്കിങ്: കേരളം ഡിപിഐഐടിയോട് വിശദീകരണം തേടി
തിരുവനന്തപുരം: വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ് നിശ്ചയിച്ചതിലെ അവ്യക്തതയെ കുറിച്ച് സംസ്ഥാനം ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിനോട് വിശദീകരണം തേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റാങ്കിങ് സപ്തംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. ഡിപിഐഐടിയുടെ വെബ്‌സൈറ്റിലാണ് റാങ്ക് പ്രസിദ്ധീകരിച്ചത്. സ്‌കോറിങിനും റാങ്കിങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും റാങ്ക് നിശ്ചയിച്ചതില്‍ അവ്യക്തതയുണ്ടായ സാഹചര്യത്തിലാണ് കേരളം വിശദീകരണം തേടിയതെന്ന് കെഎസ് ഐഡിസി എംഡി എസ് ഹരികിഷോര്‍ അറിയിച്ചു.
2019ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. ഇതി 157ഉം (85 ശതമാനം) കേരളം പൂര്‍ത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ സംസ്ഥാനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച ശതമാനം ലഭ്യമല്ല. പൂര്‍ത്തീകരിച്ച റിഫോം ആക്ഷന്‍ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നു പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷമുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് തീരുമാനിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഫീഡ്ബാക്ക് സ്‌കോര്‍ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര വെബ്‌സൈറ്റിലില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റിഫോംസ് ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള ലക്ഷദ്വീപിന് 15ാം സ്ഥാനം നല്‍കിയിട്ടുണ്ട് 85 ശതമാനത്തിലധികം റിഫോം ആക്ഷന്‍ പോയിന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുപോലും റാങ്കിങ് സംബന്ധിച്ച മാനദണ്ഡങ്ങളോ ഫീഡ്ബാക്കോ ഇതുവരെ കേരളത്തിനു ലഭിച്ചിട്ടില്ല. 2018-19ല്‍ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങള്‍ ഡിപിഐഐടി അവതരിപ്പിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പലതിലും ഇപ്പോള്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വേര്‍തിരിച്ച് പ്രത്യേക റാങ്കിങ് നല്‍കിയത് ഇതിനുദാഹരണമാണ്.
കഴിഞ്ഞ നാല് വര്‍ഷമായി ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി പടിപടിയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ലക്ഷ്യങ്ങളില്‍ കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കൂടാതെ കേരളത്തെ വ്യവസായ സൗഹൃദമാക്കാനും നിക്ഷേപങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ ഒരു വ്യവസായ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കാനുമായി നൂതനവും സജീവുമായ നിരവധി നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണക്റ്റിവിറ്റിയിലും ആശയ വിനിമയ സംവിധാനങ്ങളിലും നൈപുണ്യ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം ഏറെ നേട്ടങ്ങള്‍ കൈവരിക്കുകയും പുരോഗതി നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാനും ഇവിടേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള ഒരു പ്രധാന കാരണമായി ഇത് മാറിയിട്ടുമുണ്ട്. 2016 മുതല്‍ 52,137 ചെറുകിട സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ 40 ശതമാനവും ഇക്കഴിഞ്ഞ നാല് വര്‍ഷത്തില്‍ ആരംഭിച്ചതാണ്. ഇതിലൂടെ 4500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Industry Investor Friendly State Ranking: Kerala seeks explanation from DPIIT