എറണാകുളം: അട്ടപ്പാടി ആദിവാസി മേഖലകളിലെ നവജാത ശിശുമരണങ്ങിളിലുണ്ടാവുന്ന വര്‍ധന ആശങ്കജനകമാണെന്നും നിസംഗത വെടിഞ്ഞ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. ആദിവാസികളായ ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ ആരോഗ്യ വകുപ്പ് തീര്‍ത്തും പരാജയമാണ്. 190ല്‍ അധികമുള്ള ആദിവാസി ഊരുകളില്‍ പോഷകാഹാരക്കുറവ് മൂലം വിവിധ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. വെള്ളക്കുളത്തെ മണികണ്ഠന്‍-ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞ് മരിക്കാനിടയായത് ഊരുകളില്‍ നിലനില്‍ക്കുന്ന രോഗങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദീപയ്ക്ക് അരിവാള്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് വിദഗ്ധ ചികില്‍സ ലഭിക്കാത്തതാണ് പെണ്‍കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താനോ പ്രശ്‌നപരിഹാരങ്ങള്‍ക്കോ തയ്യാറാവുന്നില്ല. അരിവാള്‍ രോഗത്തിന് വിദഗ്ധ ചികില്‍സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രമാണ് നിലവിലുള്ളത്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആദിവാസികള്‍ക്ക് ചികില്‍സയും ഭക്ഷണവും എത്തിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മേരി എബ്രഹാം ആവശ്യപ്പെട്ടു.