മിശ്രവിവാഹം മതമൈത്രിയെ തകർക്കും: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം
സാമുദായിക സൗഹാർദ്ദം തകരും, മതമൈത്രി തകരും. ഡിവൈഎഫ്ഐ പ്രവർത്തകനായതുകൊണ്ട് തെറ്റിനെ ന്യായീകരിക്കുന്ന ഒരു പരിപാടിയും സിപിഎം ചെയ്യില്ല
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ സിപിഎം പ്രാദേശിക നേതാവ് ഇതര മതത്തിലുള്ള യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎമ്മിൽ വിവാദം. മിശ്രവിവാഹം മതമൈത്രിയെ തകർക്കുമെന്ന് സംഭവത്തിൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവേ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് പറഞ്ഞു.
സിപിഎം കോടഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷജിനാണ് ജ്യോത്സ്ന ജോസഫ് എന്ന യുവതിയെ കഴിഞ്ഞദിവസം വിവാഹം കഴിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷജിനെ വിവാഹം ചെയ്തതെന്ന യുവതിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ജ്യോത്സ്നയെ കാണാതായതിൽ പരാതി നൽകിയിട്ടും പോലിസ് കേസെടുത്തില്ലെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും പോലിസ് സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശം സിപിഎം നേതാവിൽ നിന്നുണ്ടായത്.
വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ ഇങ്ങനെ ചെയ്യുന്നത് സിപിഎം പ്രോൽസാഹിപ്പിക്കുന്നില്ല. നമ്മുടെ പാർട്ടിയിലുള്ളവർ ഇങ്ങനെ ഇടപെട്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണ്. സാമുദായിക സൗഹാർദ്ദം തകരും, മതമൈത്രി തകരും. ഡിവൈഎഫ്ഐ പ്രവർത്തകനായതുകൊണ്ട് തെറ്റിനെ ന്യായീകരിക്കുന്ന ഒരു പരിപാടിയും സിപിഎം ചെയ്യില്ലെന്ന് ജോർജ് എം തോമസ് പറഞ്ഞു.
നേരത്തേയും നിരവധി ആരോപണങ്ങളിൽ മുൻ എംഎൽഎ കൂടിയായ സിപിഎം നേതാവ് ജോർജ് എം തോമസ് കുടുങ്ങിയിട്ടുണ്ട്. ജോർജ് എം തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെക്കുന്നത് ലാന്റ് ബോര്‍ഡ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട ആറു കോടിയോളം വിലമതിക്കുന്ന മിച്ച ഭൂമിയാണന്ന വാർത്തയും ഇദ്ദേഹത്തെ വെട്ടിലാക്കിയിരുന്നു.