കൊവിഡിന്റെ അതിരൂക്ഷ വ്യാപനം: മോദിയേയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

മോദി ഭരണകൂടത്തിന്റെ കഴിവ് കേടിന് തുറന്നുകാട്ടിയും കടന്നാക്രമിച്ചും നിരവധി മുന്‍നിര അന്താരാഷ്ട്ര മാധ്യമങ്ങളാണ് രൂക്ഷമായ ഭാഷയില്‍ എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത്.

Update: 2021-04-27 04:41 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം വ്യാപനം രാജ്യത്ത് കനത്ത നാശംവിതയ്ക്കുന്നതിനിടെ, രാജ്യത്തെ വിനാശകരമായ സാഹചര്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാരിനെയും പ്രതികൂട്ടില്‍നിര്‍ത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍. മോദി ഭരണകൂടത്തിന്റെ കഴിവ് കേടിന് തുറന്നുകാട്ടിയും കടന്നാക്രമിച്ചും നിരവധി മുന്‍നിര അന്താരാഷ്ട്ര മാധ്യമങ്ങളാണ് രൂക്ഷമായ ഭാഷയില്‍ എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത്.

വന്‍ തിരഞ്ഞെടുപ്പ് റാലികള്‍ അനുവദിക്കുകയും കുംഭമേളയില്‍ ലക്ഷക്കണക്കിന് പേരെ ഒത്തുകൂടാന്‍ അനുവദിക്കുകയും ആരോഗ്യ പ്രതിസന്ധിയോട് വളരെ സാവധാനത്തില്‍ പ്രതികരിക്കുകയും ചെയ്തതാണ് ഇന്ത്യയെ വിനാശകരമായ സാഹചര്യത്തിലേക്ക് എടുത്തെറിഞ്ഞതെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

മോദി ഇന്ത്യയെ ലോക്ക് ഡൗണില്‍നിന്നും കൊവിഡ് മഹാദുരന്തത്തിലേക്ക് നയിക്കുന്നു എന്ന തലക്കെട്ടിലാണ് ശനിയാഴ്ച ബ്രിട്ടനിലെ ടൈംസ് ദിനപത്രം മോദി സര്‍ക്കാരിനെതിരേ വിമര്‍ശന ശരമെയ്തത്. 'താരതമ്യേന കുറഞ്ഞ അണുബാധ നിരക്കിനുശേഷം, രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന രണ്ടാം തരംഗത്തില്‍ ജനക്കൂട്ടത്തെ സ്‌നേഹിക്കുന്ന പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയാണ്' ടൈംസ് ഏഷ്യ ലേഖകന്‍ ഫിലിപ്പ് ഷെര്‍വെല്ലിന്റെ ലേഖനം ആരംഭിക്കുന്നത്.

വരും ദിവസങ്ങളിലെ ഏറ്റവും മോശം അവസ്ഥ പ്രവചിക്കുന്ന ലേഖനം, രോഗികള്‍ക്ക് കിടക്കകളോ ഓക്‌സിജനോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ രോഗികളെ അകറ്റുകയാണെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും ലേഖനം പ്രവചിക്കുന്നു. മോദി ഇന്ത്യയെ മഹാ ദുരന്തത്തിലേക്ക് നയിക്കുന്നു എന്നാണ് ഓസ്ട്രിയലിന്റെ ദേശീയ ദിനപത്രമായ ഓസ്‌ട്രേലിയന്‍ ടൈംസിന്റെ ലേഖനം തലക്കെട്ട് നല്‍കിയത്.

'അഹങ്കാരം, ഹൈപ്പര്‍നാഷണലിസം, കഴിവ് കെട്ട ഉദ്യോഗസ്ഥ വൃന്ദം എന്നിവ കൂടിച്ചേര്‍ന്ന് രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ ജനക്കൂട്ടത്തെ സ്‌നേഹിക്കുന്ന പ്രധാനമന്ത്രി കാരണം പൗരന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസംമുട്ടുകയാണെന്നും ലേഖനം പറയുന്നു.

മോദിയുടെ തെറ്റുകളെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ കാഴ്ചപ്പാട്; നിയന്ത്രണാതീതമായ ഒരു പകര്‍ച്ചാവ്യാധി എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് യുകെയുടെ ദേശീയ ദിനപത്രമായ ദി ഗാര്‍ഡിയന്‍ മോദി സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ചത്. മോദിയുടെ പരാജയങ്ങളും അലംഭാവവുമാണ് രാജ്യത്തിന്റെ വിനാശകരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

വാഷിങ്ടണ്‍ പോസ്റ്റും നിലവില്‍ ഇന്ത്യ ചെന്നെത്തി നില്‍ക്കുന്ന വിനാശകരമായ അവസ്ഥയില്‍ മോദി ഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്.കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം ഇന്ത്യയെ എങ്ങനെ ബാധിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അതിന്റെ എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു. കുംഭമേളയും വന്‍ തിരഞ്ഞെടുപ്പു റാലികളുമാണ് അവസ്ഥ മോശമാക്കിയതെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനു പിന്നാലെയാണ് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചത്.ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി സ്‌റ്റേഡിയങ്ങള്‍ നിറയ്ക്കാന്‍ പതിനായിരക്കണക്കിന് കാണികളെ അനുവദിച്ചു.സിനിമാ തിയേറ്ററുകള്‍ തുറന്നു, ഗംഗാ നദിയില്‍ കുളിക്കാന്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുകൂടിയ കുംഭമേള പോലുള്ള വലിയ മത സമ്മേളനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പും റാലികളുമായി ഇന്ത്യ മുന്നോട്ടുപോയി, തിരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനക്കൂട്ടം എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തിയെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News