മുട്ടിൽ മരംകൊള്ള: അന്വേഷണ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റി

വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ച 15 കോടിയുടെ ഈട്ടി, തേക്ക് മരങ്ങള്‍ മേപ്പാടി ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) പി ധനേഷ് പിടികൂടിയതോടെയാണ് സര്‍ക്കാര്‍-വനം-റവന്യൂ വകുപ്പ് വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്.

Update: 2021-08-13 15:19 GMT

കോഴിക്കോട്: മുട്ടിൽ മരംകൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റി. നിലവിൽ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ യാണ് ധനേഷ് കുമാർ. പി പി സുനിൽകുമാറിനായിരിക്കും കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി എഫ്ഒയുടെ ചുമതല.

വനം വന്യജീവി വകുപ്പിലെ ഭരണപരമായ സൗകര്യാർത്ഥം ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധമാണ് നിയമനങ്ങൾ എന്നാണ് വനംവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. മുട്ടിൽ കേസിൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാറിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

2020 മാര്‍ച്ച്‌ 11 , ഒക്ടോബര്‍ 24 എന്നീ തീയതികളില്‍ സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്. വയനാട്, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലിൽ നിന്നായി വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക്, ഈട്ടി തുടങ്ങിയ വൃക്ഷങ്ങള്‍ മുറിച്ച്‌ കടത്തുകയായിരുന്നു.

മിക്ക ജില്ലാ കലക്ടര്‍മാരും വനം മാഫിയക്കെതിരേ സര്‍ക്കാരിന് റിപോര്‍ട്ടു നല്‍കിയെങ്കിലും വനം മാഫിയക്ക് സര്‍ക്കാരിലുള്ള സ്വാധീനത്താല്‍ സര്‍ക്കാരും വനം വകുപ്പും റവന്യൂ വകുപ്പും അനങ്ങിയിരുന്നില്ല. ഫയല്‍ പിന്നീട് വെളിച്ചം കണ്ടതുമില്ല. 3 മാസത്തിന് ശേഷം മരംമുറി ഉത്തരവ് ഒദ്യോഗിക രേഖകളില്‍ പിന്‍വലിച്ചെങ്കിലും വനം മാഫിയ നിര്‍ബാധം വനംകൊള്ള തുടരുകയായിരുന്നു.

വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ച 15 കോടിയുടെ ഈട്ടി, തേക്ക് മരങ്ങള്‍ മേപ്പാടി ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) പി ധനേഷ് പിടികൂടിയതോടെയാണ് സര്‍ക്കാര്‍-വനം-റവന്യൂ വകുപ്പ് വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറം ലോക മറിഞ്ഞതോടെ മുഖം രക്ഷിക്കാനായി 2021 ജൂണ്‍ 5 ഓടെ 42 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.

മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് പ്രധാന പ്രതി റോജിയുടെ ഫോണ്‍ സംഭാഷണം ജൂണ്‍ 10 നാണ് പുറത്തു വന്നത്. വനം കൊള്ളക്ക് റോജി വയനാട് ഡിഎഫ്ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഡിഎഫ്ഒ ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായിട്ടും ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാർക്കും ഫോറസ്റ്റ് വാച്ചർമാർക്കും എതിരെ മാത്രമായിരുന്നു നടപടി.

കോടികളുടെ വനംകൊള്ളയില്‍ വെട്ടിയിട്ട മരം കടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മാഫിയയും ചേര്‍ന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡിഎഫ്ഒ പി ധനേഷാണ്. വനം വകുപ്പ് എറണാകുളത്തു നിന്ന് ഈട്ടി , തേക്ക് തടികള്‍ പിടിച്ചെടുത്ത ദിവസം തയ്യാറാക്കിയ ഫെബ്രുവരി 8 ലെ തൊണ്ടി മഹസര്‍ നിയമ സാധുതയില്ലാതാക്കാന്‍ വേണ്ടി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഫെബ്രുവരി 9 ന് ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ഫെബ്രുവരി 6 തീയതി വച്ച്‌ ഫോറസ്റ്റ് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.

ഇത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ധനേഷ് കുമാര്‍ തന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റോജിയുടെ സൂര്യ ടിംബേഴ്‌സിന് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്‌ട്രേഷന്‍ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാകാമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേലുദ്യോഗസ്ഥനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരേ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ധനേഷ് കുമാറിന് പ്രത്യേക അന്വേഷണ സംഘത്തിൽ ചുമതലയുണ്ടായിട്ടും സർക്കാർ ധൃതിപിടിച്ച് കാസർകോടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് അന്വേഷണം വഴിമുട്ടിക്കാൻ വേണ്ടിയുള്ള ഉന്നതതല രാഷ്ട്രീയ ഇടപെടലാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. 

Similar News