ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മസൂദ് പെസഷ്‌കിയാന് വിജയം

Update: 2024-07-06 05:29 GMT

തെഹ്‌റാന്‍: ഇറാനില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് വിജയം. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സഈദ് ജലീലിയെ 13.5 മില്യണ്‍വോട്ടുകള്‍ക്കെതിരേ 16.3 മില്യണ്‍ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ജൂണ്‍ 28ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഇറാന്‍ നിയമപ്രകാരം 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ രണ്ടാംഘട്ട മല്‍സരം നടക്കും. ഇറാന്റെ ചരിത്രത്തില്‍ 2005ല്‍ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80 പേരില്‍ ആറുപേര്‍ക്കാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയത്.

Tags:    

Similar News