ഖത്തറിനേയും ഇറാനേയും ബന്ധിപ്പിച്ച് കടലിനടിയിലൂടെ കൂറ്റന്‍ തുരങ്കം; അണിയറയില്‍ ഒരുങ്ങുന്നത് റോഡും റെയിലും ഉള്‍പ്പെടെയുള്ള ബൃഹത് പദ്ധതി

. ഇതിനിടെ വികസന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴി തുറയ്ക്കുന്ന വമ്പന്‍ പദ്ധതിയുമായി ഖത്തറുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍.

Update: 2022-03-02 13:42 GMT
തെഹ്‌റാന്‍/ദോഹ: ഏറ്റുമുട്ടലിന്റെ പാതയില്‍നിന്ന് മാറി സഹകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തേടുകയാണ് അടുത്തിടെയായി ഇറാനും ഗള്‍ഫ് രാജ്യങ്ങളും. സൗദിയുമായും യുഎഇയുമായുള്ള ദീര്‍ഘകാല ശത്രുതയ്ക്കു അറുതി വരുത്തി മഞ്ഞുരുക്കത്തിന്റെ പാതയിലാണ് ഇറാന്‍. ഇതിനിടെ

വികസന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴി തുറയ്ക്കുന്ന വമ്പന്‍ പദ്ധതിയുമായി ഖത്തറുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍.

ഇരു രാജ്യങ്ങളേയും ബന്ധിപ്പിച്ച് പേര്‍ഷ്യന്‍ കടലിലിടുക്കിലൂടെ കൂറ്റന്‍ തുരങ്ക പാതയാണ് ഇരു രാജ്യങ്ങളും വിഭാവന ചെയ്തിരിക്കുന്നത്.

പ്രകൃതി വാതക രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഭാഗമായായി കഴിഞ്ഞാഴ്ച ഖത്തര്‍ സന്ദര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഇതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. പേര്‍ഷ്യന്‍ കടലിടുക്കിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കടല്‍ തുരങ്ക പദ്ധതിയെക്കുറിച്ച് ഇറാനും ഖത്തറും സാധ്യതാ പഠനം ആരംഭിക്കുമെന്ന് ഇറാനിയന്‍ ഡെപ്യൂട്ടി ഗതാഗത മന്ത്രി ആഴ്ചകള്‍ക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഖത്തര്‍ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും ഉദ്ദേശിക്കുന്ന നാല് പ്രധാന ഗതാഗത പദ്ധതികളിലൊന്നാണ് കടലിനടിയിലെ തുരങ്കമെന്ന് ഇറാന്‍ തുറമുഖ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് അലി അക്ബര്‍ സഫായിയും വ്യക്തമാക്കിയിട്ടുണ്ട്.

പേര്‍ഷ്യന്‍ കടലിടുക്കിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുകയും പശ്ചിമേഷ്യന്‍ രാജ്യങ്ങളും കാസ്പിയന്‍ കടലും തമ്മില്‍ മെഡിറ്ററേനിയന്‍ വരെ വിപുലമായ ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പദ്ധതി ഖത്തറിന്റേയും ഇറാന്റേയും ഭാവി വികസനത്തില്‍ വന്‍ മുതല്‍കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ തുരങ്കം ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ബുഷെഹറിലെ ഡേയര്‍ തുറമുഖത്തെ ഖത്തറുമായി ബന്ധിപ്പിക്കുമെന്നും റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അലി അക്ബര്‍ സഫായി പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഗതാഗത സൗകര്യം വിപുലമാക്കുന്നതില്‍ ഊന്നി ചര്‍ച്ചകള്‍ നടന്നു.നാല് തരത്തിലുള്ള സൗകര്യങ്ങളുടെ വിപുലീകരണമാണ് ചര്‍ച്ചയിലുള്ളത്. അതില്‍ പ്രധാനമാണ് കടല്‍ വഴിയുള്ള തുരങ്കം. തുരങ്കത്തില്‍ റെയില്‍, റോഡ് സൗകര്യങ്ങളും ഉള്‍പ്പെടുമെന്നാണ് വിവരം. ഖത്തര്‍ അമീറുമായി ഇറാന്‍ പ്രസിഡന്റ് നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.

സാധ്യതാ പഠനമാണ് ഇനി നടക്കുക. ഇതിന് വേണ്ടി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതി പ്രവര്‍ത്തിക്കും. പദ്ധതി സാധ്യമായാല്‍ ഇറാനൊപ്പം ഖത്തറിനും വന്‍ നേട്ടമുണ്ടാക്കാനാവും. വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളും കാസ്പിയന്‍ കടല്‍ മേഖലയും തമ്മിലുള്ള എളുപ്പവഴി യാഥാര്‍ഥ്യമാകും. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് പ്രസിഡന്റ് ഇബ്രാഹിം റഈസി ദോഹയില്‍ എത്തിയത്. മേഖലയിലെ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയായി എന്നാണ് വാര്‍ത്തകള്‍.

Tags:    

Similar News