ഖാസിം സുലൈമാനി വധം: യുഎസ്-ഇസ്രായേല്‍ ചാരന്റെ വധശിക്ഷ ഇറാന്‍ ഉടന്‍ നടപ്പാക്കും
ഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
ടെഹ്‌റാന്‍: ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ വിദേശകാര്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായിരുന്ന ഖാസിം സുലൈമാനിയെ വധിക്കാന്‍ യുഎസ്-ഇസ്രായേല്‍ സംഘത്തിനു വിവരങ്ങള്‍ കൈമാറിയയാളുടെ വധശിക്ഷ ഇറാന്‍ ഉടന്‍ നടപ്പാക്കും. ഇസ്രായേലിന്റെ മൊസാദില്‍ നിന്നും യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും വന്‍ തുകയ്ക്ക് ഇറാന്റെ സായുധ സേനയെ, പ്രത്യേകിച്ച് ഖുദ്‌സ് സേനയെയും രക്തസാക്ഷി ജനറല്‍ ഖാസിം സുലൈമാനിയുടെ സ്ഥലത്തെയും നീക്കങ്ങളെയും കുറിച്ച് ചാരപ്പണി നടത്തുകയും ചെയ്ത മഹമൂദ് മൂസവി മാജ്ദിന്റെ വധശിക്ഷയാണ് നടപ്പാക്കുകയെന്ന് ജുഡീഷ്യറി വക്താവ് ഗോലം ഹുസയ്ന്‍ ഇസ്മായിലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാജ്ദിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
യുഎസിനുവേണ്ടി ചാരപ്പണി നടത്തി ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വില്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമീര്‍ റഹിംപൂറിനും ഫെബ്രുവരിയില്‍ ഇറാന്‍ സമാനമായ ശിക്ഷ വിധിച്ചിരുന്നു. ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട തെരുവ് പ്രതിഷേധത്തില്‍ പങ്കെടുത്ത എട്ടുപേരെ സിഐഎയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതായി ടെഹ്‌റാന്‍ ഡിസംബറില്‍ അറിയിച്ചിരുന്നു. 2019 ജൂലൈയില്‍ സിഐഎ ചാരവലയം പൊളിച്ചെന്നും 2018 മാര്‍ച്ചിനും 2019 മാര്‍ച്ചിനുമിടയില്‍ 17 പ്രതികളെ അറസ്റ്റ് ചെയ്തതായും അവരില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും റിപോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, ഇറാന്റെ അവകാശവാദം തീര്‍ത്തും തെറ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി.