അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ല;ഗവര്‍ണറുടെ ആരോപണം തള്ളി ഇര്‍ഫാന്‍ ഹബീബ്

രാഷ്ട്രീയമാകാം,പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു

Update: 2022-08-21 09:08 GMT

ന്യൂഡല്‍ഹി: ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ കണ്ണൂര്‍ വിസി ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ല.രാഷ്ട്രീയമാകാം,പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഗവര്‍ണര്‍ പരിധി ലംഘിക്കുകയാണെന്നും,ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവണര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു. 2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഗവര്‍ണറുടെ നിലപാടില്‍ ഇര്‍ഫാന്‍ ഹബീബും പ്രതിഷേധം അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം സര്‍ക്കാര്‍ തിരിച്ചെടുത്താലും തന്നെ ക്രിമിനലെന്ന് വിളിച്ചാലും പ്രശ്‌നമില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്‌തെന്നുമാണ് ഗവര്‍ണറുടെ ആരോപണം.


Tags:    

Similar News