കെഎസ്ആര്‍ടിസി കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട്; മുന്‍ ചീഫ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടുകളെതുടര്‍ന്ന് കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതര വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തുവെന്ന ആരോപണത്തെതുടര്‍ന്നാണ് ഇന്ദുവിനെതിരേ നടപടി.നിര്‍മ്മാണ രംഗത്തും സാമ്പത്തിക ഭരണ രംഗത്തും നടന്ന ഗുരുതര ക്രമക്കേടുകളില്‍ കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയറെ സസ്‌പെന്റ് ചെയ്യണമെന്ന് അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ ഇന്ദു 1.39 കോടിരൂപയുടെ നഷ്ടം വരുത്തി വെച്ചെന്നാണ് ഒരു കണ്ടെത്തല്‍. എറണാകുളം ഡിപ്പോയിലെ അഡ്മനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റേയും 12 ബേ ഗ്യാരേജിന്റെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്ന് ആദ്യമേ കണ്ടെത്തി. പക്ഷേ കരാറുകാരന് ആര്‍ ഇന്ദു തുക അനുവദിച്ചു നല്‍കി.
ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.