സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബഹ്‌റെയ്‌നും ഇസ്രായേലും ധാരണയിലെത്തി

വെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവരുമായി ട്രംപ് സംസാരിച്ചതിന് ശേഷമാണ് ധാരണയിലെത്തിയതെന്ന് അമേരിക്കയും ബഹ്‌റെയ്‌നും ഇസ്രയേലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-09-11 18:44 GMT

വാഷിങ്ടണ്‍: സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബഹ്‌റെയ്‌നും ഇസ്രായേലും ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചരിത്രപരമായ വഴിത്തിരിവെന്നാണ് ഇതു സംബന്ധിച്ചുള്ള ട്വീറ്റില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയെ ട്രംപ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ സംയുക്ത പ്രസ്താവനയും ട്രംപ് പുറത്തിറക്കി.

വെള്ളിയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവരുമായി ട്രംപ് സംസാരിച്ചതിന് ശേഷമാണ് ധാരണയിലെത്തിയതെന്ന് അമേരിക്കയും ബഹ്‌റെയ്‌നും ഇസ്രയേലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യുഎഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റെയ്ന്‍. 'മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ സമാധാനത്തിനുള്ള ചരിത്രപരമായ മുന്നേറ്റമാണിത്'- സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.

യുഎഇയുടെ പാത പിന്‍പറ്റിയാണ് ബഹ്‌റെയ്‌നും ഇസ്രായേലുമായി ധാരണയിലെത്തുന്നത്. വൈറ്റ് ഹൗസില്‍ സെപ്റ്റംബര്‍ 15ന് ഇസ്രയേലും യുഎഇയും തമ്മില്‍ നടക്കുന്ന ധാരണപത്രം ഒപ്പിടല്‍ ചടങ്ങില്‍ ബഹ്‌റെയ്‌നും പങ്കെടുക്കുമെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഇത്രവേഗം സംഭവിക്കുമെന്ന് കരുതിയതല്ലെന്ന് ഇസ്രായേല്‍-ബഹ്‌റെയ്ന്‍ കരാറിനെക്കുറിച്ച് ട്രംപ് വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിന്റെ 'നാല് വര്‍ഷത്തെ മഹത്തായ പ്രവര്‍ത്തനത്തിന്റെ പരിസമാപ്തി' എന്നാണ് ധാരണയെ ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേശകനുമായ ജാരെഡ് കുഷ്‌നര്‍ പ്രശംസിച്ചത്.

അതേസമയം, ഫലസ്തീന്‍ ഭൂമികയില്‍ സയണിസ്റ്റ് സൈന്യം നിര്‍ബാധം അധിനിവേശം തുടരുന്നതിനിടെ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ ഫലസ്തീന്‍ നേതൃത്വം നിശിതമായി വിമര്‍ശിച്ചു. ബഹ്‌റെയ്ന്‍-ഇസ്രായേല്‍ കരാര്‍ പലസ്തീന്‍ വിഷയത്തിലുള്ള മറ്റൊരു വഞ്ചനയാണെന്ന് ഫതഹ് പാര്‍ട്ടി കുറ്റപ്പെടുത്തി.




Tags:    

Similar News