ധാരണകള്‍ക്ക് പുല്ലുവില: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 12,159 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍
അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ച് കൊണ്ട് അടുത്തിടെ ഉണ്ടാക്കിയ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇസ്രായേല്‍ നടപടി.
ജറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഈ വര്‍ഷം 12,159 അനധികൃത കുടിയേറ്റ പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ അംഗീകാരം നല്‍കിയതായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) അറിയിച്ചു. അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ച് കൊണ്ട് അടുത്തിടെ ഉണ്ടാക്കിയ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇസ്രായേല്‍ നടപടി.
വെസ്റ്റ് ബാങ്കില്‍ ജൂതന്‍മാര്‍ക്ക് മാത്രമായുള്ള കുടിയേറ്റ കേന്ദ്രങ്ങളില്‍ 3,212 പുതിയ യൂനിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയിരുന്നു. 'യുഎസിന്റെ ആഭിമുഖ്യത്തില്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ടുള്ള കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് അധിനിവിഷ്ട മേഖയില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയാന്‍ ഇസ്രയേല്‍ നീക്കം തുടങ്ങിയതെന്ന് പിഎല്‍ഒ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമത്തെയും യുഎന്‍ പ്രമേയങ്ങളെയും ധിക്കരിക്കുകയും അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും ചെയ്യുന്നതാണെന്ന് പിഎല്‍ഒ കുറ്റപ്പെടുത്തി.
യുഎസ് സ്‌പോണ്‍സര്‍ ചെയ്ത കരാറുകളില്‍ സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ ഒപ്പുവച്ച ശേഷം യുഎഇയും ബഹ്‌റയ്‌നും ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്ര, സാംസ്‌കാരിക, വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു.
അധിവിഷ്ട വെസ്റ്റ്ബാങ്കില്‍ 30 ശതമാനത്തോളം പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പദ്ധതി തടയുന്നതാണ് കരാര്‍ എന്ന് അബുദബിയും മനാമയും അവകാശപ്പെട്ടിരുന്നു. എന്നാല്‍, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട ജോര്‍ദാന്‍ താഴ്ൃവരയിലെ 2700 ഏക്കര്‍ പ്രദേശം കണ്ടുകെട്ടാനും ഇസ്രയേല്‍ അധികൃതര്‍ മൂന്ന് സൈനിക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് മേഖല അന്താരാഷ്ട്ര നിയമപ്രകാരം അധിനിവിഷ്ട പ്രദേശമായാണ് പരിഗണിക്കുന്നത്. അതിനാല്‍തന്നെ അവിടെയുള്ള എല്ലാ ജൂത വാസസ്ഥലങ്ങളും നിയമവിരുദ്ധമാണ്.