വെസ്റ്റ് ബാങ്കിലെ പ്രതിഷേധം; ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ബാലനെ കൊലപ്പെടുത്തി

Update: 2021-06-11 19:08 GMT

വെസ്റ്റ് ബാങ്ക്: അനധികൃത ജൂത കുടിയേറ്റത്തിനെതിരേ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബീറ്റയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. 15 കാരനായ മുഹമ്മദ് സെയ്ദ് ഹമയേല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാരും ഇസ്രായേല്‍ സൈനികരും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. വെടിവയ്പില്‍ മറ്റ് ആറുപേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട്. സംഭവത്തെ കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഇസ്രായേല്‍ സേന ഈ വര്‍ഷം കൊലപ്പെടുത്തുന്ന എട്ടാമത്തെ ഫലസ്തീന്‍ ബാലനും ബീറ്റയിലെ മൂന്നാമനുമാണ് ഹമയേല്‍. ഇസ്രായേലി കുടിയേറ്റക്കാര്‍ ഗ്രാമത്തിലെ സാബിഹ് പര്‍വതത്തില്‍ ഒരു ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം തുടങ്ങിയത്. തലമുറകളായി തങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഒലിവ് വിളവിനെ ആശ്രയിക്കുന്ന 17ഓളം ഫലസ്തീന്‍ കുടുംബങ്ങളുടെ നൂറിലേറെ പേരുടെ ഉപജീവനമാര്‍ഗം ഭീഷണിയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  

മുഹമ്മദ് സെയ്ദ് ഹമയേല്‍

കുഫ്ര്‍ ഖദ്ദൂം ഗ്രാമത്തില്‍ നടന്ന മറ്റൊരു പ്രതിഷേധത്തില്‍, ലോയി സമീറിന്റെ കുടുംബവീട് ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കണ്ണീര്‍ വാതകം ശ്വസിച്ച് അസ്വസ്ഥതയുണ്ടായി. റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനാല്‍ മറ്റൊരു 10 വയസ്സുള്ള കുട്ടിക്ക് കാലിന് പരിക്കേറ്റു. ഇസ്രായേല്‍ സൈന്യം ഗ്രാമത്തില്‍ അതിക്രമിച്ചു കയറിയതായും ഫലസ്തീന്‍ നിവാസികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും കുഫ്ര്‍ ഖദ്ദൂം മീഡിയ കോഓഡിനേറ്റര്‍ മുറാദ് ഷ്‌തൈവി പറഞ്ഞു. ഭൂമി പിടിച്ചെടുക്കല്‍, വീട് പൊളിച്ചുനീക്കല്‍, അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമെന്ന് കരുതുന്ന ഇസ്രായേലി കുടിയേറ്റങ്ങള്‍ എന്നിവയ്‌ക്കെതിരെ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങളെ അക്രമത്തോടെയാണ് ഇസ്രായേല്‍ സേന നേരിടുന്നത്. ഏകദേശം 475,000 ഇസ്രായേലി കുടിയേറ്റക്കാരാണ് 2.8 ദശലക്ഷത്തിലധികം ഫലസ്തീനികള്‍ താമസിക്കുന്ന വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നത്. വ്യാഴാഴ്ച, ജെനിന്‍ പട്ടണത്തില്‍ ഒരു വെടിവയ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നിരുന്നു.

Israel forces kill Palestinian teen at occupied West Bank protest


Tags:    

Similar News