ഹമാസുമായി ചര്‍ച്ച ചെയ്ത് ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം; 130 ഇസ്രായേലി സൈനികര്‍ക്ക് സസ്‌പെന്‍ഷന്‍
ലെബനാനില്‍ എത്തുന്ന സയണിസ്റ്റ് സൈനികരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ അടക്കാന്‍ ഹിസ്ബുല്ലയും തീരുമാനിച്ചു
ജറുസലേം: ഗസയിലെ ബന്ദികളെ തിരികെ കൊണ്ടുവരാത്തതില്‍ പ്രതിഷേധിച്ച റിസര്‍വ്വ് സൈനികരെ ഇസ്രായേല്‍ സസ്‌പെന്‍ഡ് ചെയ്തു. ബന്ദികളെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ ലെബനാനിലെ അധിനിവേശത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച സൈനികരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിഷേധ പ്രസ്താവനയില്‍ ഒപ്പിടുകയും സൈനികകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്ത സൈനികര്‍ക്കെല്ലാം നോട്ടീസ് ലഭിച്ചതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലി മന്ത്രിമാരായ ബെര്‍സലേല്‍ സ്‌മോട്രിച്ചും ഇറ്റാമര്‍ ബെന്‍ഗ്‌വിറും ലെബനാനില്‍ പോയി യുദ്ധം ചെയ്യട്ടെ എന്നാണ് സൈനികര്‍ പറയുന്നത്. നോട്ടീസ് ലഭിച്ച സൈനികരില്‍ അധികവും നിലവില്‍ ഗസയിലും ലെബനാനിലും അധിനിവേശം നടത്തുന്നവരാണ്. പ്രതിഷേധ പ്രസ്താവനയില്‍ ഒപ്പിട്ട പലര്‍ക്കും ടെലഫോണില്‍ ഭീഷണി വരുന്നതായും സൈനികര്‍ ആരോപിച്ചു. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും ഭീഷണിയുണ്ട്.
യുദ്ധം തുടരുന്നത് ഗസയിലെ ബന്ദികളുടെ ജീവനു ഭീഷണിയാണെന്നാണ് സൈനികരുടെ പ്രതിഷേധ കത്ത് പറയുന്നത്. ഗസയില്‍ നിന്ന് മോചിപ്പിച്ച ബന്ദികളേക്കാള്‍ കൂടുതല്‍ പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഹമാസുമായി ചര്‍ച്ച നടത്തി ബന്ദികളെ തിരികെ കൊണ്ടുവരുന്നതിന് പകരം യുദ്ധം തുടരാനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നത്. ഇത് എല്ലാ പരിധികളും കടന്നുള്ള പ്രവര്‍ത്തനമാണെന്നും കത്ത് കുറ്റപ്പെടുത്തുന്നു. ഗസയില്‍ അധിനിവേശത്തിന് പോയിരുന്ന 20 സൈനികര്‍ വിശ്രമത്തിന് ശേഷം തിരികെ ഗസയില്‍ പോവാന്‍ വിസമ്മതിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം, ലെബനാനില്‍ എത്തുന്ന സയണിസ്റ്റ് സൈനികരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ അടക്കാന്‍ ഹിസ്ബുല്ലയും തീരുമാനിച്ചു.