ഒമിക്രോണ്‍: അതിര്‍ത്തികള്‍ അടച്ചിട്ട് ഇസ്രായേല്‍; വിദേശികള്‍ക്ക് സമ്പൂര്‍ണ വിലക്ക്

Update: 2021-11-28 08:48 GMT

ജറുസലേം: ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ 'ഒമിക്രോണ്‍' വകഭേദം മിക്ക ലോകരാജ്യങ്ങളിലും ആശങ്ക പരത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഭാഗമായി ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചിട്ടു. യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനായി വിദേശികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഒമിക്രോണ്‍ ഭീതിയില്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രായേല്‍. ഇന്ന് അര്‍ധരാത്രിയോടെ നിരോധനം പ്രാബല്യത്തില്‍ വരും. മിക്ക ആഫ്രിക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വരുന്ന വിദേശികള്‍ക്ക് വെള്ളിയാഴ്ച മുതന്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

കൊറോണ കാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രത്യേക കേസുകളില്‍ ഒഴികെ വിദേശ പൗരന്‍മാരുടെ ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു- പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വാക്‌സിനെടുത്ത ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് മൂന്നുദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാക്കി. 72 മണിക്കൂറിന് ശേഷം ഇവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. നിലവില്‍ മലാവിയില്‍നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കു മാത്രമാണ് ഒമിക്രോണ്‍ വകഭേദം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള ഏഴുപേരെ ഇസ്രായേല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ വിദേശത്തുനിന്നെത്തിയവരാണ്.

ഏഴുപേരില്‍ മൂന്ന് പേര്‍ വാക്‌സിനേഷന്‍ എടുത്ത വ്യക്തികളാണ്. അവരെയെല്ലാം ഐസൊലേഷനില്‍ പാര്‍പ്പിച്ചു. കൊവിഡ് രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ കൊവിഡ് വകഭേദം തടയാന്‍ പുതിയ നടപടികള്‍ ആവശ്യമാണെന്നും നേരത്തേയും ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും കൊവിഡിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഉപദേശക സമിതിയുടെ തലവന്‍ ഡോ. റാന്‍ ബാലിസര്‍ ഇസ്രായേലിന്റെ കാന്‍ പബ്ലിക് റേഡിയോയോട് പറഞ്ഞു.

കൊവിഡ് ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി അടച്ചിട്ടതിന് ശേഷം ഇസ്രായേല്‍ അതിര്‍ത്തികള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കായി നാലാഴ്ച മുമ്പാണ് വീണ്ടും തുറന്നത്. ദക്ഷിണാഫ്രിക്കയിലെ ഗോട്ടെങ് പ്രവിശ്യയില്‍ കണ്ടെത്തിയ വൈറസ് വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയില്‍ 24 ശതമാനത്തിനു മാത്രമാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം മിക്ക ലോകരാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിത്തുടങ്ങി.

ആഗോള ആശങ്കകള്‍ മുന്‍നിര്‍ത്തി ഇന്ത്യ കരുതല്‍ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധനാ നടപടികള്‍ ശക്തമാക്കും. ഇസ്രായേലിനും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ, ബോട്‌സ്വാന, ഹോങ്കോങ്, ബല്‍ജിയം, ജര്‍മനി, ഇംഗ്ലണ്ട്, ചെക്ക് റിപബ്ലിക് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വകഭേദത്തിന്റെ വ്യാപന ശേഷി എത്രയാണ് എന്നറിയാന്‍ ആഴ്ചകളുടെ പഠനം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

Tags:    

Similar News