ഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
അമിതമായ അളവില്‍ ഗുളിക കഴിച്ച സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി പാരാമെഡിക്കല്‍ ടീം അറിയിച്ചു.
തെല്‍ അവീവ്: ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിസംബറില്‍ വീട്ടുതടങ്കലിലാക്കിയ ഇസ്രായേലി വനിത ആത്മഹത്യയ്ക്കു ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി പാരാമെഡിക്കല്‍ ടീം അറിയിച്ചു.
ജൂതനായി നടിച്ച് ഇസ്രായേലില്‍ പ്രവര്‍ത്തിച്ച റാംബോദ് നംദാറിനെ സഹായിച്ചതിന് അഞ്ച് ഇസ്രായേലികളെ അറസ്റ്റ് ചെയ്തതായി ജനുവരിയില്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിച്ചുരുന്നു. നംദാര്‍ ഇസ്രായേലികളുമായി ബന്ധം സ്ഥാപിക്കുകയും സര്‍ക്കാര്‍ ആസ്ഥാനങ്ങളും ഓഫീസുകളും ഉള്‍പ്പെടെയുള്ള ഇസ്രായേലിലെ തന്ത്രപ്രധാന സ്ഥലങ്ങളേയും സൈറ്റുകളേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി ഷിന്‍ ബെറ്റ് വ്യക്തമാക്കിയിരുന്നു.
പ്രതികളില്‍ ദമ്പതികളും ഉള്‍പ്പെട്ടിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ നംദാറുമായി ബന്ധപ്പെടുകയും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകളുടെ ഫോട്ടോകള്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. യുഎസ് കോണ്‍സുലേറ്റിന്റെ ചിത്രങ്ങളും അവര്‍ പകര്‍ത്തിയിരുന്നതായും യുഎസ് കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോകുമ്പോള്‍ നംദാറുമായുള്ള ബന്ധത്തെക്കുറിച്ച് അവളുടെ ഭര്‍ത്താവിന് അറിയാമായിരുന്നുവെന്നും ഷിന്‍ ബെറ്റ് ആരോപിച്ചിരുന്നു.
'കഴിഞ്ഞ എട്ട് മാസമായി തങ്ങളുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുന്നു, സംശയം തോന്നിയ ഉടന്‍ നദ്മറുമായുള്ള ബന്ധം ഭാര്യ വിച്ഛേദിച്ചിരുന്നു'- ഭര്‍ത്താവ് പറഞ്ഞു.