അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊലപ്പെടുത്തി
റെയ്ഡിനെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് വെടിവയ്പുണ്ടായത്.
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വടക്കന്‍ നഗരമായ തുബാസില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു. റെയ്ഡിനെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് വെടിവയ്പുണ്ടായത്. തുബാസ് നഗരത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ (3 മൈല്‍) തെക്കുള്ള തമ്മൂണ്‍ ഗ്രാമത്തിലെ 26കാരനായ സദ്ദാം ഹുസൈന്‍ ബനി ഒദെഹാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നിന്ന് ഒരു ഇസ്രായേല്‍ സൈനികന്‍ തൊടുത്ത വെടിയുണ്ട അദ്ദേഹത്തിന്റെ തോളിലേക്കും ഹൃദയത്തിലേക്കും ഇടത് ശ്വാസകോശത്തിലേക്കും തുളച്ചുകയറിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗുരുതര പരിക്കേറ്റ ഒദെഹിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെസ്റ്റ്ബാങ്കിന്റെ പരിസര പ്രദേശങ്ങളില്‍ വ്യാപകമായി നടത്തുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം നഗരത്തില്‍ രാത്രി നടത്തിയ റെയ്ഡിനു പിന്നാലെ അധിനിവേശ സൈനികരും തുബാസ് നിവാസികലും തമ്മില്‍ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായി. പിന്നാലെയാണ് വെടിവയ്പുണ്ടായതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി മാന്‍ റിപ്പോര്‍ട്ട് ചെയ്തു.
റെയ്ഡില്‍ രണ്ടു പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. എട്ടു പേരെ അധിനിവേശ പ്രദേശത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.