ഗസയില്‍ നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി സൈനികര്‍,
സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്ന സൈനികര്‍ യെഷ് ഗുവെല്‍ എന്ന പേരില്‍ സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
ജറുസലേം: ഗസയില്‍ അധിനിവേശം നടത്താന്‍ വിസമ്മതിക്കുന്ന ഇസ്രായേലി സൈനികരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മര്യാദയുടെയും ധാര്‍മികതയുടെയും അതിര്‍വരമ്പുകളെല്ലാം ലംഘിച്ചെന്ന മനസാക്ഷിക്കുത്താണ് ഇതിന് കാരണം.
അധിനിവേശത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച സൈനികരുടെ യോഗം
ഇസ്രായേലി സൈനികര്‍ നിരായുധനായ ഒരു ഫലസ്തീനിയന്‍ കൗമാരക്കാരനെ കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് ഗസയില്‍ സൈനികപ്രവര്‍ത്തനത്തിന് പോയ യോതം വില്‍ക് എന്ന ഇസ്രായേലി സൈനികന്‍ വെളിപ്പെടുത്തി. ഗസയിലെ ബഫര്‍സോണില്‍ ആരെ കണ്ടാലും വെടിവെച്ചു കൊല്ലണമെന്നാണ് സൈനികനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതെന്ന് യോതം വില്‍ക് പറയുന്നു. തന്റെ യൂണിറ്റ് മാത്രം 12 പേരെ വെടിവെച്ചു കൊന്നുവെന്നും യോതം വില്‍ക് പറഞ്ഞു.
യോതം വില്‍ക്
''വലിയൊരു തിരക്കഥയുടെ ഭാഗമായാണ് ആ കൗമാരക്കാരനെ ഇസ്രായേലി സൈന്യം കൊന്നത്. ഫലസ്തീനികളെ മനുഷ്യരായി ഇസ്രായേല്‍ കാണുന്നില്ല. അവന്‍ ബഫര്‍ സോണിലേക്ക് നടന്നുപോവുകയായിരുന്നു. അവനോട് നില്‍ക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. അവന്‍ നിന്നില്ല. അപ്പോള്‍ വെടിവെച്ചു കൊന്നു.'' -28കാരനായ വില്‍ക് വിശദീകരിച്ചു.
ഇസ്രായേലി സൈന്യത്തിന്റെ ധാര്‍മികവിരുദ്ധപ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് സൈനികസര്‍വീസില്‍ നിന്നും പിന്‍മാറിയ 200ഓളം വരുന്ന സൈനികരില്‍ ഒരാളാണ് യോതം വില്‍ക്. ഗസയില്‍ ഇസ്രായേലി സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ചും വീടുകള്‍ തകര്‍ത്തതിനെ കുറിച്ചും പരസ്യമായി സംസാരിക്കാന്‍ ഏഴു ഇസ്രായേലി സൈനികര്‍ തയ്യാറായിട്ടുണ്ട്. കാണുന്ന ഫലസ്തീനികളെ കൊല്ലുക, വീടുകള്‍ തകര്‍ക്കുക, മോഷണം നടത്തുക ഈ മൂന്നുകാര്യങ്ങളാണ് ഗസയില്‍ നടക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.
ഗസയില്‍ അതിവേഗം വെടിനിര്‍ത്തലുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് യോതം വില്‍ക് പറയുന്നു. പക്ഷേ, അധിനിവേശം എല്ലാ പരിധികളും ലംഘിച്ചു മുന്നോട്ടുപോയി. ഗസയില്‍ താന്‍ കണ്ട കാര്യങ്ങള്‍ ഒരിക്കലും മനസില്‍ നിന്ന് പോവുന്നില്ലെന്നാണ് യുവാല്‍ ഗ്രീന്‍ എന്ന ഇസ്രായേലി സൈനികന്‍ പറയുന്നത്. സൈന്യത്തിലെ ഡോക്ടറായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. വെറും രണ്ടുമാസത്തിന് ശേഷം ഇയാള്‍ തിരികെ പോയി. ഗസയില്‍ കൂട്ടക്കൊലകള്‍ നടത്താനും വീടുകള്‍ നശിപ്പിക്കാനും കൊള്ളയടിക്കാനും കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഇയാള്‍ തിരികെ പോയത്.
യുവാല്‍ ഗ്രീന്‍
ഗസയിലെ വംശഹത്യ കണ്ട് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പേരെ താന്‍ ചികില്‍സിക്കുന്നതായി ട്രോമ തെറാപ്പി സ്‌പെഷ്യലിസ്റ്റായ ടുലി ഫഌന്റ് പറയുന്നു.
ഇത്തരത്തില്‍ ധാര്‍മിക മുറിവേറ്റവര്‍ നിരവധിയുണ്ട്. 2023 അവസാന കാലത്ത് സൈനികര്‍ 15 കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് കണ്ടതിന് ശേഷം താന്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഒരു ഇന്‍ഫന്‍ഡറി സൈനികന്‍ പറഞ്ഞു. താന്‍ യുദ്ധക്കുറ്റം ചെയ്‌തെന്നാണ് ഇയാളുടെ കുറ്റബോധം. ഇസ്രായേലി സര്‍ക്കാരിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന കേസില്‍ സാക്ഷി പറയാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ പറയുന്നു. സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്ന സൈനികര്‍ യെഷ് ഗുവെല്‍ എന്ന പേരില്‍ സംഘടനയും രൂപീകരിച്ചിട്ടുണ്ട്.