ഹൈദരാബാദ്: മലയാളി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററി(എന്‍ആര്‍എസ് സി)ല്‍ സേവനമനുഷ്ഠിക്കുന്ന ലയാളിയായ എസ് സുരേഷ് കുമാറി(56)നെയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നഗരമധ്യത്തിലെ അമീര്‍പേട്ട് ഏരിയയിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മുറിയില്‍ തനിച്ചു താമസിക്കുന്ന സുരേഷ്‌കുമാര്‍ ജോലി സ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്നൈയിലുള്ള സുരേഷിന്റെ ഭാര്യ ഇന്ദിരയെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാരമുള്ള വസ്തു കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോലിസ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി മോര്‍ച്ചറിയിലേക്കു മാറ്റി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. ഭാര്യയും ഹൈദരാബാദിലായിരുന്നു ജോലി ചെയ്തിരുന്നതെങ്കിലും 2005ല്‍ ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. മകന്‍ അമേരിക്കയിലും മകള്‍ ഡല്‍ഹിയിലുമാണ് താമസം.