ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ മിയാപൂരിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. മിയാപൂര്‍ പോലിസ് സ്റ്റേഷന് പരിധിയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതായി തിങ്കളാഴ്ച രാവിലെ പോലിസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍തന്നെ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു.
പോലിസ് എത്തിയപ്പോള്‍ താമസസ്ഥലത്ത് സീലിങ് ഫാനില്‍ ജ്ഞാനേന്ദ്ര പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട്ടില്‍ തന്നെയായിരുന്നു ജ്ഞാനേന്ദ്ര പ്രസാദുണ്ടായിരുന്നത്- പോലിസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.