ശ്രീഹരിക്കോട്ട: സ്‌പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ തിങ്കളാഴ്ച രാത്രി ഭ്രമണപഥത്തിലെത്തിച്ചു. ഇതൊടൊപ്പം ബഹിരാകാശ ഗവേഷണങ്ങള്‍ക്കുള്ള 24 ഉപകരണങ്ങളും വിക്ഷേപിച്ചു. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനും വേര്‍പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരീക്ഷണത്തിനാണ് ഇതോടെ തുടക്കമായത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാത്രി 10:00:15നാണ് പിഎസ്എല്‍വി-60 കുതിച്ചുയര്‍ന്നത്. 15 മിനിറ്റു കഴിഞ്ഞപ്പോള്‍ എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 ഉപഗ്രഹങ്ങളെ ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍ ദൂരെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. റോക്കറ്റിന്റെ മുകള്‍ ഭാഗം അതിനുശേഷം താഴ്ന്ന് 355 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റാന്‍തുടങ്ങി.
സ്‌പെയ്‌സ് ഡോക്കിങ് പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് തിങ്കളാഴ്ച പൂര്‍ത്തിയായതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ചൊവ്വാഴ്ചയോടെ രണ്ട് ഉപഗ്രഹങ്ങള്‍ പരസ്പരം 20 കിലോമീറ്റര്‍ അകലത്തില്‍ ഒരേ ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റും. പിന്നീട് അവ തമ്മിലുള്ള അകലം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും. അതിനുശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക. ഇതിന് എട്ടുദിവസത്തോളമെടുക്കും. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.