എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍ കഴിയില്ല;സിപിഎം വാദം ഏറ്റുപിടിക്കാതെ കാനം

സ്വാഭാവികമായും പ്രതിപക്ഷം ഇത്തരം കേസുകളില്‍ ആരോപണം ഉന്നയിക്കും, അത് അവരുടെ അവകാശമാണ്

Update: 2022-07-02 06:07 GMT

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം പറഞ്ഞു.പ്രതികളെ പോലിസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കാനം വ്യക്തമാക്കി.

എന്തെങ്കിലും വിവരം ലഭിച്ചതിനാലാകും ജയരാജന്‍ ഈ വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും,കോണ്‍ഗ്രസ് ആണ് ആക്രമിച്ചതെന്ന് സിപിഐക്ക് അറിവില്ലെന്നും കാനം പറഞ്ഞു.പോലിസ് സമര്‍ത്ഥരാണ് അവര്‍ ഇത് അന്വേഷിച്ച് കണ്ടെത്തും. അന്വേഷണം നടത്തിയിട്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരല്ലേ എന്നും അതില്‍ വീഴ്ചകളുണ്ടാകുമെന്നും കാനം പറഞ്ഞു.

ഒരാള്‍ കരുതിക്കൂട്ടി ചെയ്തതാണെങ്കില്‍ അയാള്‍ക്ക് ഒളിക്കാനോ രക്ഷപ്പെടാനോ സൗകര്യമുണ്ടാവും,അതൊക്കെ ഒരു ദിവസം കണ്ടെത്തും.സ്വാഭാവികമായും പ്രതിപക്ഷം ഇത്തരം കേസുകളില്‍ ആരോപണം ഉന്നയിക്കും. അത് സഭയിക്കുള്ളില്‍ അല്ലേ, അത് അവരുടെ അവകാശമാണ്. പറയുന്ന ആളുകളാണ് അവരുടെ ക്രെഡിബിലിറ്റി ജനങ്ങളുടെ മുന്നില്‍ നഷ്ടപ്പെടുമോ ഇല്ലെയോ എന്ന് അറിയേണ്ടതെന്നും കാനം പറഞ്ഞു.

രണ്ട് വര്‍ഷമായി അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ യാതൊരു തെളിവുമില്ല. കേസില്‍ വാദിയും പ്രതിയുമില്ല. ഇപ്പോള്‍ ആരെങ്കിലും പറയുന്നത് കൊണ്ട് പുതിയ കേസ് ആവില്ല. ആരാണ് സ്വര്‍ണം അയച്ചതെന്നും ആരാണ് സ്വീകരിച്ചതെന്നും അന്വേഷിച്ച് കണ്ടെത്തുന്നില്ല. എന്‍ഐഎ അന്വേഷിച്ചിട്ട് തെളിവില്ലാത്ത കേസാണിത്. കുറ്റാരോപിതയായ സ്ത്രീ പറഞ്ഞ് കൊണ്ട് മാത്രം കേസ് ഉയര്‍ത്തി പിടിച്ച് നടക്കേണ്ട കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.







Tags:    

Similar News