'പ്രാര്‍ത്ഥനയുടെ ഭാഗമാണ്, സഹകരിക്കണം'; വൈദികന്റൈ പീഡന ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മൊഴി
വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്‌സണ്‍ ജോണിനെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി. വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്‌സണ്‍ ജോണിനെ റിമാന്‍ഡ് ചെയ്തു.
കൂടല്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചും വൈദികന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗണ്‍സിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടില്‍ വച്ചും രണ്ടാം തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയോട് പ്രര്‍ത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞതായും കുട്ടി മൊഴി നല്‍കി.
നടന്ന സംഭവങ്ങള്‍ തൊട്ടടുത്ത ദിവസം പെണ്‍കുട്ടി സുഹൃത്തിനെ അറിയിച്ചു. പിന്നീട് അധ്യാപിക വഴി ചെല്‍ഡ്‌ലൈനെ സമീപിച്ച് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട വനിത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ കൊടുമണ്‍ ഐക്കാടുള്ള വീട്ടില്‍ നിന്നാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി. വൈദികവൃത്തിക്കൊപ്പം കുട്ടികളെയും മുതിര്‍ന്നവരേയും കൗണ്‍സിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്‌സണ്‍ ജോണ്‍. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് പ്രധാനമായും കൗണ്‍സിലിങ്ങ് കൊടുക്കുന്നത്.
പത്തനംതിട്ട കൂടലില്‍ കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. 17 വയസ്സുള്ള ഇതര സമുദായത്തില്‍പെട്ട പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം. അതേസമയം, ഇയാള്‍ സമാനതരത്തില്‍ മറ്റു കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ച് വരികയാണ്.