ജാതി അധിക്ഷേപം: വിദ്യാര്‍ഥിനിക്കെതിരേ പരാതിയുമായി കൊളജ് പ്രഫസര്‍
ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ദലിത് പ്രഫസര്‍ മറൂന മുര്‍മുവാണ് ബെഥൂണ്‍ കോളജിലെ വിദ്യാര്‍ഥിനിയായ പരോമിത ഘോഷിനെതിരെ പരാതി നല്‍കിയത്.
കൊല്‍ക്കത്ത:ജാതീയമായി അധിക്ഷേപിക്കുകയും തന്റെ വിദ്യാഭ്യാസത്തെയും യോഗ്യതയെ പരിഹസിക്കുകയും ചെയ്തുവെന്നാരോപിച്ച് വിദ്യാര്‍ഥിനിക്കെതിരേ കൊളജ് പ്രഫസര്‍ പരാതി നല്‍കി. ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ദലിത് പ്രഫസര്‍ മറൂന മുര്‍മുവാണ് ബെഥൂണ്‍ കോളജിലെ വിദ്യാര്‍ഥിനിയായ പരോമിത ഘോഷിനെതിരെ പരാതി നല്‍കിയത്.
സിആര്‍പിസി 154, എസ്‌സി/ എസ്ടി (അതിക്രമങ്ങള്‍ തടയല്‍) വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. പരോമിത ഘോഷ് തന്റെ അക്കാദമിക് പ്രശസ്തിയെ കളങ്കപ്പെടുത്താനും തന്നെ കഴിവില്ലാത്തവളും യോഗ്യതയില്ലാത്തവളുമാണെന്നു വരുത്തി തീര്‍ക്കാനും ശ്രമിക്കുകയും തന്റെ വംശീയ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. സ്പ്തംബര്‍ 2ന് കൊവിഡ് വ്യാപനം വകവയ്ക്കാതെ പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് രാജ്യമെമ്പാടും ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇതുമായി ബന്ധപ്പെട്ട സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട പ്രഫ. മുര്‍മു സര്‍ക്കാരിന്റെ തീരുമാനം ജീവന്‍ അപകടത്തിലാക്കുന്നു എന്ന അഭിപ്രായം പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് പരോമിത ഘോഷ് മുര്‍മുവിനെ ജാതീയമായും മറ്റും അധിക്ഷേപിച്ചത്.