അഡ്മിന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ജെയിന്‍ രാജ്; പിജെയുമായും ജെയിന്‍ രാജുമായും ഒരു ബന്ധവുമില്ലെന്ന് റെഡ് ആര്‍മി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിനു പിന്നാലെ കടന്നാക്രമിച്ച റെഡ് ആര്‍മി വ്യക്തത വരുത്തി രംഗത്ത്. സിപിഎം നേതാവ് പി ജയരാജനുമായി അടുത്ത ബന്ധമുള്ളവരാണ് റെഡ് ആര്‍മിയെന്ന വ്യാഖ്യാനം തള്ളുകയാണ് റെഡ് ആര്‍മി. നേരത്തേ, റെഡ് ആര്‍മിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ തന്റെ പേരുമായി ബന്ധപ്പെടാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് പി ജയരാജനു ബന്ധമുണ്ടെന്നും മകന്‍ ജെയിന്‍ രാജ് പേജ് അഡ്മിനാണെന്നും അഭ്യൂഹമുയര്‍ന്നത്. ഇതിന് മറുപടിയായി ജെയിന്‍ പി രാജും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ചിലരുടെയൊക്കെ ധാരണ ഞാനാണ് റെഡ് ആര്‍മി അഡ്മിന്‍ എന്നാണെന്നും ഒരു ഘട്ടത്തില്‍ പോലും ഞാന്‍ അതിന്റെ അഡ്മിന്‍ ആയിട്ടില്ലെന്നും ജെയിന്‍ രാജ് വ്യക്തമാക്കി. അതില്‍ വരുന്ന ഒരു പോസ്റ്റ് പോലും ഞാന്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടില്ല. പറയാനുള്ളത് എനിക്ക് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം. അതിന്റെ അഡ്മിനോട് ഒരു അഭ്യര്‍ഥനയുണ്ട്. അഡ്മിന്‍ ആരാണെന്ന് നിങ്ങള്‍ വെളിപ്പെടുത്തണം. അല്ലേല്‍ ഈ പരിപാടി നിര്‍ത്തണമെന്നാണ് ജെയിന്‍ രാജ് പറയുന്നത്. നേരത്തേ, പൊന്നാനിയില്‍ യുവതിയെ മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസും മുന്‍ ഡിവൈഎസ്പി വി വി ബെന്നിയും മുന്‍ സി ഐ വിനോദും ബലാല്‍സംഗം ചെയ്‌തെന്ന ആരോപണത്തിനു പിന്നാലെയും ജെയിന്‍ രാജ് കുറിപ്പിട്ടിരുന്നു. വി വി ബെന്നി നിരപരാധികളായ സിപിഎം പ്രവര്‍ത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ കുടുക്കുന്നതില്‍ വിദഗ്ധന്‍ എന്നായിരുന്നു പോസ്റ്റ്.
തൊട്ടുപിന്നാലെ റെഡ് ആര്‍മിക്ക് പിജെയുമായും ജെയിന്‍ രാജുമായും ഒരു ബന്ധവും ഇല്ലെന്ന് റെഡ് ആര്‍മിയും പ്രഖ്യാപിച്ചു ഒരു ഇടത് സൈബര്‍ പോരാളി മാത്രം. ഈ പേജിന്റെ അഡ്മിന്‍ ജെയിന്‍ രാജ് അല്ല എന്ന് മുമ്പും റെഡ് ആര്‍മി പറഞ്ഞതാണ്. ജയരാജേട്ടന്‍ തന്നെ ഒരുപാട് തവണ പറഞ്ഞതാണ് ഈ പേജുമായി പിജെക്ക് ഒരു ബന്ധവും ഇല്ലെന്ന്. പിന്നെ റെഡ് ആര്‍മിയെ ജയരാജേട്ടനുമായും ജെയിന്‍ രാജുമായും കൂട്ടിക്കെട്ടാന്‍ ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. കള്ള നയങ്ങളെ തിരിച്ചറിയുക. പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടി മാത്രം എന്നാണ് റെഡ് ആര്‍മി പേജിലൂടെ വ്യക്തമാക്കിയത്.
പി ശശിക്കെതിരേ സഖാവ് അന്‍വര്‍ അക്കമിട്ട് നിരത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടിയും ഏറ്റവും ആര്‍ജവമുള്ള തീരുമാനം കൈക്കൊള്ളുമെന്നു തന്നെയാണ് വിശ്വാസം എന്ന രീതിയിലായിരുന്നു റെഡ് ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാലമത്രയും മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്നും റെഡ് ആര്‍മി വിമര്‍ശിച്ചിരുന്നു. നേരത്തേ, പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പിജെ ആര്‍മി എന്ന പേരിലായിരുന്നു ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടിരുന്നത്. പിജെയെ വാഴ്ത്തിക്കൊണ്ടുള്ള ഗാനവും വ്യക്തിപൂജയും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കു പിന്നാലെ ഫേസ്ബുക്ക് പേജിന്റെ പേര് റെഡ് ആര്‍മി എന്നാക്കുകയുമായിരുന്നു.