കാളകള്‍ എത്തി; മധുരയില്‍ ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ക്ക് തുടക്കമായി, കരുത്തനായ കാളയ്ക്ക് ട്രാക്ടര്‍ സമ്മാനം(വീഡിയോ)

Update: 2025-01-14 04:14 GMT

മധുരൈ: തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായ പ്രശസ്തമായ ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ തുടങ്ങി. ഇന്ന് മുതല്‍ മൂന്നുദിവസം മല്‍സരങ്ങള്‍ അരങ്ങേറും. ഇന്ന് അവനിയാപുരത്താണ് മല്‍സരം നടക്കുക. 15ന് പാലമേടും 16ന് അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് അരങ്ങേറും. പ്രത്യേക പരിശീലനം ലഭിച്ച 1,100 കാളകളും 900 ട്രെയിനര്‍മാരും മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ മധുരൈയില്‍ എത്തി. ഏറ്റവും നല്ല കാളയ്ക്ക് പതിനൊന്ന് ലക്ഷം രൂപ വിലവരുന്ന ട്രാക്ടറാണ് സമ്മാനം. മികച്ച ട്രെയിനര്‍ക്ക് എട്ടുലക്ഷം രൂപയുടെ കാറും നല്‍കും. ഇതിന് പുറമെ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.

ഒരു കാളയ്ക്ക് ജില്ലയിലെ ഒരു മല്‍സരത്തില്‍ മാത്രമേ പങ്കെടുക്കാനാവൂയെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാളയുടെ ഉടമയും ട്രെയിനറും മാത്രമാണ് കാളയുടെ കൂടെ ഉണ്ടാവാന്‍ പാടൂ എന്നും നിര്‍ദേശമുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മല്‍സരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. ഈ കാളകളോടാണ് മനുഷ്യര്‍ പോരാടേണ്ടത്. കാളയുമായി മല്‍പ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പില്‍ പിടിച്ച് മണ്ണില്‍ മുട്ടിക്കാനായാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കാളയെ കീഴ്‌പെടുത്താന്‍. പുരുഷന്മാര്‍ മാത്രമേ ജല്ലിക്കെട്ടില്‍ പങ്കെടുക്കാറുള്ളൂ. ജനുവരി മുതല്‍ മേയ് 31 വരെ പുതുക്കോട്ടൈയില്‍ 120 ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ നടക്കും. അവിടെ 30 കാളയോട്ട മല്‍സരങ്ങളുമുണ്ടാവും. ക്രി.മു 400-100 കാലത്താണ് ജെല്ലിക്കെട്ട് മല്‍സരങ്ങള്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

Tags:    

Similar News