ഉത്തരാഖണ്ഡിലെ ഏക സിവില്‍കോഡിനെ കോടതിയില്‍ ചോദ്യം ചെയ്യും: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏക സിവില്‍ കോഡിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. നിയമത്തിന്റെ ഭരണഘടനാപരമായ വശങ്ങളും നിയമപരമായ വശങ്ങളും അഭിഭാഷകര്‍ സൂക്ഷ്മമായി പരിശോധിച്ചെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജി നല്‍കുമെന്നും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി പ്രസ്താവനയില്‍ പറഞ്ഞു.
വിവേചനവും പക്ഷപാതിത്തവും അടിസ്ഥാനമായ ഈ നിയമത്തെ ഏക സിവില്‍കോഡെന്ന് പോലും വിളിക്കാനാവില്ല. നിയമം പൗരന്റെ മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നതാണ്. ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടോയെന്നു വരെ സംശയമാണ്.
''ശരീഅത്തിന് എതിരായ ഒരു നിയമവും മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പലകാര്യങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യാമെങ്കിലും മതത്തിന്റെയും ശരീഅത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയില്ല.''
ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡില്‍ നിന്നും ആദിവാസികളെ ഭരണഘടനയുടെ 366ാം അനുഛേദവും 25ാം അനുഛേദവും പ്രകാരം ഒഴിവാക്കിയതായും 21ാം അനുഛേദപ്രകാരം സംരക്ഷിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ചില അനുഛേദങ്ങള്‍ പ്രകാരം ആദിവാസികള്‍ക്ക് ഇളവ് നല്‍കിയിരിക്കുമ്പോള്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ പ്രകാരം മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണെന്നും അര്‍ഷദ് മദനി ചോദിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഇനി ഏക സിവില്‍കോഡാണെങ്കില്‍ എന്തുകൊണ്ടാണ് പലതരത്തില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള മന:പൂര്‍വമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. വൈകാരികവും മതപരവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, ഭയത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.